പിടിയിലായത് 30ഓളം മാലമോഷണക്കേസിലെ പ്രതികൾ
ആലപ്പുഴ : ബൈക്കിൽ ചുറ്റിക്കറങ്ങി സ്ത്രീകളുടെ മാല പൊട്ടിച്ചെടുക്കുന്ന രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ പുന്നപ്ര വണ്ടാനം കാട്ടുപുറം വെളിയിൽ ഫിറോസ് (കോയാമോൻ-34), കൊല്ലം കരുനാഗപ്പള്ളി മൈനാഗപ്പള്ളി തുണ്ടുവിള കിഴക്കേതിൽ ഷിഹാദ്(ഷിഹാബ്-30) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. വൈകുന്നേരങ്ങളിൽ പൾസർ ബൈക്കുകളിലെത്തിയാണ് ഇവർ വഴിയാത്രക്കാരായ സ്ത്രീകളുടെ മാല പൊട്ടിച്ചിരുന്നത്. കഴിഞ്ഞ മൂന്നുവർഷമായി പൊലീസിനെ വിദഗ്ധമായി കബളിപ്പിച്ചിരുന്ന ഇരുവരെയും ജില്ലാ പൊലീസ് മേധാവി കെ.എം.ടോമിയുടെ നേതൃത്വത്തിൽ ഓപ്പറേഷൻ 916ലൂടെയാണ് കുരുക്കിയത്. ഇവർ 30മോഷണങ്ങൾ നടത്തിയതായി ജില്ലാ പൊലീസ് മേധാവി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 17കേസുകളിൽ 35പവൻ സ്വർണാഭരണങ്ങൾ കണ്ടെടുത്തു.
സൗദിയിൽ ജോലിചെയ്യുമ്പോഴാണ് ഫിറോസും ഷിഹാദും പരിചയത്തിലായത്. ഇരുവരും 2016 ൽ ജോലി ഉപേക്ഷിച്ച് നാട്ടിൽ എത്തി. സ്വന്തമായി ബിസിനസ് നടത്താൻ പണം കണ്ടെത്താനാണ് ഇവർ മാലമോേണത്തിനിറങ്ങിയത്. വാട്സ് ആപ്പിൽ കണ്ട ചില വീഡിയോകളായിരുന്നു പ്രചോദനം. ഷിഹാദ് ബൈക്ക് ഓടിക്കും. ഫിറോസ് പിന്നിലിരുന്ന് മാലപൊട്ടിച്ചെടുക്കുകയുമായിരുന്നു പതിവ്. മോഷണം നടത്തിയ തുക കൊണ്ട് ആദ്യം ഇവർ കരുനാഗപ്പള്ളിയിൽ ഒരുമെൻസ് ഷോപ്പ് തുടങ്ങി. ഫിറോസ് ചേർത്തല എസ്.എൻ കോളജിനു സമീപവും പുന്നപ്ര കുറവൻതോട്ടിലും ബ്ലാക്ക് ഫോറസ്റ്റ് എന്ന പേരിൽ ബേക്കറിയും ഐസ്‌ക്രീം പാർലറും നടത്തി വരികയായിരുന്നു. കരുനാഗപ്പള്ളിയിൽ പാരിസ് മെൻസ് വെയർ എന്ന സ്ഥാപനം രണ്ടുപേരും കൂടി പാർട്ണർഷിപ്പിൽ നടത്തിയെങ്കിലുംവരുമാനത്തെ കുറിച്ചുള്ള തർക്കത്തെ തുടർന്ന് കഴിഞ്ഞ മേയ് മാസത്തിൽ രണ്ട് പേരും വഴിപിരിഞ്ഞു. പിന്നീട് ഷിഹാബ് ഒറ്റയ്ക്ക് ഈ സ്ഥാപനം നടത്തി വരികയായിരുന്നു. സമൂഹത്തിൽ മാന്യൻമാരായി കഴിഞ്ഞുകൊണ്ടായിരുന്നു ഇവരുടെ മോഷണം. ആറുമാസം മുമ്പ് ഇരുവരും വഴക്കിട്ട് പിരിഞ്ഞതിനു ശേഷം ഒറ്റയ്ക്കാണ് ഇവർ മാലമോഷണത്തിനിറങ്ങിയിരുന്നത്. നവംബർ 30ന് പൂങ്കാവിൽ നിന്നും മണ്ണഞ്ചരിയിൽ നിന്നും സ്ത്രീകളുടെ മാല ഫിറോസ് പറിച്ചെടുത്തതിനെത്തുടർന്നാണ് പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം കൊടുത്തത്.
മോഷണത്തിനിറങ്ങുന്നത്
വെള്ളി, ശനി ദിവസങ്ങളിൽ
ബൈക്കിന്റെ നമ്പർ പ്ലേറ്റ് പോലും മാറ്റാതെയെത്തിയാണ് ഇവർ മോഷണം നടത്തിയിരുന്നത്. സന്ധ്യാസമയങ്ങളിൽ ഇടവഴികളിൽ വച്ചു നടത്തിയിരുന്ന മോഷണമായതിനാൽ ബൈക്കിന്റെ കൃത്യമായ വിവരം അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നില്ല. എന്നാൽ ഇവരുടെ ശാരീരിക പ്രത്യേകതകളെ കുറിച്ച് സൂചന ലഭിച്ചിരുന്നു. വെള്ളി, ശനി ദിവസങ്ങളിലായിരുന്നു കൃത്യത്തിനു സംഘം തുനിഞ്ഞിരുന്നത്. സി.സി ടിവി ദൃശ്യങ്ങൾ താരതമ്യം ചെയ്തു നോക്കിയപ്പോൾ മോഷണത്തിൽ ഉൾപ്പെട്ടിരിക്കുന്നത് ഒരുസംഘം തന്നെയാണെന്ന് മനസിലായി. എല്ലാ ദൃശ്യങ്ങളിലും തടിച്ച ശരീരപ്രകൃതിയുള്ള താടിവച്ച ഒരാളെക്കുറിച്ചുള്ള സൂചനകളുണ്ടായിരുന്നു. 2016നു ശേഷം കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പൾസർ ബൈക്കുകളുടെ വിവരം ശേഖരിച്ച് പരിശോധിച്ചു. ഇവരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചെങ്കിലും കുടുംബവുമൊത്ത് സമൂഹത്തിൽ മാന്യമായി താമസിച്ചിരുന്ന പ്രതികളെ കൂടുതൽ അന്വേഷണം നടത്തി വ്യക്തത വരുത്തിയതിനുശേഷമാണ് പിടികൂടിയത്.
പ്രതീക്ഷിക്കുന്നത് 100 പവൻ
ആലപ്പുഴ സൗത്ത്, നോർത്ത്, പുന്നപ്ര, മണ്ണഞ്ചേരി, മാരാരിക്കുളം, മുഹമ്മ, ചേർത്തല, കരുനാഗപ്പള്ളി സ്റ്റേഷൻ പരിധികളിലായി 30ലധികം മാലപൊട്ടിക്കൽ കേസുകളാണ് ഇരുവർക്കുമെതിരെയുള്ളത്. റിക്കവറി നടപടികൾ പൂർത്തിയാകുന്നതോടെ നൂറുപവനോളം കണ്ടെത്താനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ജില്ലാ പോലീസ് മേധാവി കെ.എം. ടോമിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യക അന്വേഷണസംഘത്തിൽ എ.എസ് . പി വിവേക് കുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി എൻ.ആർ. ജയരാജ്, സൗത്ത് സി.ഐ എം.കെ. രാജേഷ്, എസ്.ഐമാരായ കെ.ജി. രതീഷ്, പ്രേംസ്‌കുമാർ, ഷാജിമോൻ, എ.എസ്.ഐമാരായ മോഹൻകുമാർ, സുധീർ, ശരത്ചന്ദ്രൻ, സീനിയർ സി.പി.ഒ രമേഷ്ബാബു, സി.പി.ഒമാരായ വിഷ്ണു, അരുൺ, ദിനുലാൽ, സിദ്ദിഖ്, ബിനുമോൻ, ബിനോജ്, റോബിൻസൺ, പ്രവീഷ്, ബിനുകുമാർ എന്നിവർ അംഗങ്ങളായിരുന്നു.