ആലപ്പുഴ: ഇരട്ടപ്പേര് വിളിയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സഹോദരന് പൊലീസ് സ്റ്റേഷനിൽ മർദ്ദനമേറ്റതിൽ മനംനൊന്ത് എൻജിനിയറിംഗ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതി. ആലപ്പുഴ കരളകം വാർഡ് പുത്തൻവീട്ടിൽ സുധാകരൻ-മായ ദമ്പതികളുടെ മകൻ അക്ഷയ് ദേവാണ് (മാധവൻ-19) കഴിഞ്ഞ 7ന് വീട്ടിൽ തൂങ്ങിമരിച്ചത്. പിതാവ് സുധാകരനാണ് മുഖ്യമന്ത്രി, ഡി.ജി.പി, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയത്. ആത്മഹത്യക്കുകുറിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് സ്പെഷ്യൽ ബ്രഞ്ച് ഡിവൈ.എസ്.പി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ നോർത്ത് സ്റ്റേഷനിലെ എ.എസ്.ഐ ജോണിയെ മാവേലിക്കരയിലേക്ക് സ്ഥലംമാറ്റി. ഇന്നലെ വാർഡ് കൗൺസിലർ ജോഷിരാജിനോടൊപ്പമാണ് സുധാകരൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പരാതിയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡി.സി.ബി.ആർ ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി. അക്ഷയ് ദേവിനും പിതാവ് സുധാകരനും എതിരെ പരാതി നൽകിയ അയൽവാസിയും അമ്മയും ഒളിവിലാണ്.