bdb

35ലക്ഷം രൂപയുടെ നഷ്ടം

ഹരിപ്പാട്: തൃക്കുന്നപ്പുഴയിൽ തീപി​ടി​ച്ച് രണ്ട് മത്സ്യബന്ധന ബോട്ടുകൾക്ക് നാശം. തോട്ടപ്പള്ളി വടക്കന്റെ പറമ്പിൽ വളവിൽ വേണുവിന്റെ ഉടമസ്ഥതയിലുള്ള പ്രശാന്തി ബോട്ടും നീർക്കുന്നം കരിംപുന്നശശേരിൽ നാസർ, തോട്ടപ്പള്ളി ലക്ഷ്മണൻ പറമ്പിൽ ശ്രീകുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള പ്രിൻസ് വള്ളവുമാണ് കത്തി നശിച്ചത്. ഇന്നലെ പുലർച്ചെ ഒരുമണിയോടെ ആയിരുന്നു സംഭവം. തൃക്കുന്നപ്പുഴ ചീപ്പിനു തെക്കുഭാഗത്ത് കെട്ടിയിരുന്ന ബോട്ടുകളാണ് അഗ്നിക്കി​രയായത്. പ്രശാന്തി ബോട്ട് പൂർണമായും കത്തി നശിച്ചു. ഇതിൽ ഉണ്ടായിരുന്ന പതിനാറ് വല, എൻജിൻ ഭാഗങ്ങൾ എന്നിവയെല്ലാം നശിച്ചു. 25 ലക്ഷം രൂപയുടെ നാശനഷ്ടം ആണ് ഈ വള്ളത്തിൽ ഉണ്ടായത്. ഇതിനു സമീപത്തായി കിടന്നിരുന്ന പ്രിൻസ് ബോട്ടിലും ഭാഗികമായി തീ പിടിച്ചു. ബോട്ടിൽ ഉണ്ടായിരുന്ന എട്ടോളം വലകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും പൂർണമായും നശിച്ചു. പത്തു ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. തീ ഉയരുന്നത് കണ്ട മത്സ്യ ത്തൊഴിലാളികളും അയൽവാസികളും തൃക്കുന്നപ്പുഴ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഹരിപ്പാട് കായംകുളം, മാവേലിക്കര, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. തീ കത്താനുള്ള കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും തൃക്കുന്നപ്പുഴ പൊലീസ് പറഞ്ഞു. ആകെ 35ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമകൾ പറഞ്ഞു.