അമ്പലപ്പുഴ : പൗരത്വ ബില്ലുമായി ബന്ധപ്പെട്ട സംവാദങ്ങളെ എതിർക്കുന്നത് ഭയം കൊണ്ടാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം .ടി .രമേശ് പറഞ്ഞു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചരണത്തിനെതിരെ വളഞ്ഞ വഴിയിൽ ബി.ജെ.പി സംഘടിപ്പിച്ച ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .മത ന്യൂന പക്ഷങ്ങളുടെ ആശങ്കയകറ്റാൻ ബി .ജെ .പി വീടുകൾ തോറും സമ്പർക്കം നടത്തുകയാണ് .എന്നാൽ പ്രവർത്തകർ എത്തുമ്പോൾ ചില വാതിലുകൾ കൊട്ടിയടയ്ക്കുന്നു .ഇത്തരക്കാർ മനസ്സിലാക്കേണ്ടത് ഭാരതത്തിലെ പല സംസ്ഥാനങ്ങളിലും ഇത്തരത്തിൽ ബി.ജെ.പിക്കു നേരേ കൊട്ടിയടച്ച വാതിലുകൾ പിന്നീട് തുറന്നുതന്നിട്ടുണ്ട് .മുസ്ലിം സമുദായത്തിന് പൗരത്വം നഷ്ടപ്പെടും എന്ന രീതിയിൽ പ്രചരണം നടത്തി വോട്ടു ബാങ്ക് ലക്ഷ്യമിടുകയാണ് സി .പി .എമ്മും കോൺഗ്രസും .കേരളത്തിൽ നിരവധി മുസ്ലിം സഹോദരന്മാരെ കൊന്നു തള്ളുകയും ,ആരാധനാലയങ്ങൾ തകർക്കുകയും ചെയ്ത സി. പി .എമ്മിന്റെ മുഖം മുസ്ലിം സമൂഹം തിരിച്ചറിയണം . രാജ്യത്ത് പത്തിൽ താഴെ സർവ്വകലാശാലകളിൽ നടന്ന സമരം കണ്ട് വൻ പ്രക്ഷോഭം എന്നാണ് മാധ്യമങ്ങൾ പ്രചരിപ്പിച്ചതെന്നും എം. ടി .രമേശ് പറഞ്ഞു . നിയോജക മണ്ഡലം പ്രസിഡന്റ് വി .ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി .ദക്ഷിണമേഖലാ പ്രസിഡന്റ് വെളിയാകുളം പരമേശ്വരൻ ,ജില്ലാ പ്രസിഡന്റ് കെ .സോമൻ , പാലമുറ്റത്ത് വിജയകുമാർ ,ഡി .പ്രദീപ് ,എൽ .പി .ജയചന്ദ്രൻ ,ഡി .ഭുവനേശ്വരൻ ,കെ .അനിൽകുമാർ , തുടങ്ങിയവർ സംസാരിച്ചു.