വള്ളികുന്നം: കിണറുമുക്ക് - പൂത്തൂരേത്ത് ജംഗ്ഷൻ റോഡിന്റെ ഇന്നത്തെ കിടപ്പ് കണ്ടാൽ കഷ്ടം എന്ന് പറഞ്ഞാൽ പോര. റോഡെന്ന് ഇതിനെ പറയാൻ തന്നെ വയ്യാത്ത സ്ഥിതി. കല്ലുകൾ മൊത്തം ഇളകി പൂഴി കുഴഞ്ഞുമറിഞ്ഞ് കിടക്കുകയാണ്. കുണ്ടും കുഴികളും മൂലം നടക്കാൻ പോലും വയ്യ.
ചെറിയ മഴയിൽ പോലും വെള്ളവും ചെളിയും റോഡിൽ നിറയും. പിന്നെ ഇതുവഴി നടക്കാൻ പറ്റാത്ത സ്ഥിതിയാകും. .
റോഡിന്റെ ഈ അവസ്ഥയിൽ എന്തു ചെയ്യണമെന്നറിയാതെ വലയുകയാണ് നാട്ടുകാർ. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ളതാണ് റോഡ്. അറ്റകുറ്റപ്പണികൾ നടത്തിയിട്ട് വർഷങ്ങളായെന്ന് പരിസരവാസികൾ പറയുന്നു. വള്ളികുന്നത്തെ പ്രധാനക്ഷേത്രങ്ങളിൽ ഒന്നായ വട്ടയ്ക്കാട് ക്ഷേത്രവും രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളും സ്ഥിതി ചെയ്യുന്നത് ഈ റോഡിന്റെ വശങ്ങളിലാണ് സൈക്കിളിൽ വരുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്ക് റോഡിലെ കുഴികളിൽ വീണ്. പരിക്ക് പറ്റുന്നത് നിത്യസംഭവമാണ്.
രാത്രി അപകട മേഖല
രാത്രി കാലങ്ങളിൽ മിക്ക സമയങ്ങളിലും പ്രദേശത്ത് വെളിച്ചമില്ലാത്തത് മൂലം ദൂരെ സ്ഥലഞളിൽ നിന്നും വരുന്ന ഇരുചക്രവാഹന യാത്രക്കാർ റോഡിലെ വലിയ കുഴികളിൽ വീണും ഇളകി കിടക്കുന്ന മെറ്റലുകളിൽ കയറി നിയന്ത്രണം തെറ്റി അപകടത്തിൽ പെടുന്നത് പതിവ് കാഴ്ചയാണ്.. .അത്യാവശ്യ ഘട്ടങ്ങളിൽ ഒട്ടോറിക്ഷ പോലും ഇതുവഴി വരില്ല, ആലപ്പുഴ, കൊല്ലം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നറോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ അധികൃതരെ നിരവധി തവണ സമീപിച്ചെങ്കിലും നടപടിയായില്ലത്രെ.
.......
പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ് ഈ റോഡ്. ഇതിന്റെ അടിത്തറയിളക്കി റോഡിന് വീതി കൂട്ടണം. അതിന്ശേഷം പുതിയ ടാറിംഗ് നടത്തണം.
നാട്ടുകാർ