ചേർത്തല: സംഘടനയെ തകർക്കാൻ ശ്രമിക്കുന്ന കോടാലികളെ തൂത്തെറിയണമെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. യൂണിയൻ ആസ്ഥാന മന്ദിരത്തിലെ പ്രാർത്ഥാമന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു തുഷാർ.

സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് സംഘടനയിൽ നിന്ന് പുറത്താക്കപ്പെട്ട സുഭാഷ് വാസു കോടികളുടെ തട്ടിപ്പാണ് നടത്തിയത്. സമുദായം കണ്ട ഏറ്റവും വലിയ ചതിയാണ് ഇത്. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഉൾപ്പെടെ എസ്.എൻ.ഡി.പി യോഗത്തിന് ലഭിച്ച സ്ഥാനം ഇയാൾ നേടിയെടുക്കുകയും ചെയ്തു. കായംകുളം കട്ടച്ചിറയിൽ യോഗം ജനറൽ സെക്രട്ടറിയുടെ പേരിൽ തുടങ്ങിയ കോളേജിന് വായ്പയെടുത്ത് താനുൾപ്പെടെയുള്ളവരുടെ വ്യാജഒപ്പിട്ടാണ്. വേണ്ടെന്ന് പറഞ്ഞിട്ടും നിർബന്ധിച്ച് 25 ലക്ഷം രൂപ കോളേജിനായി ഷെയർ വാങ്ങുകയും ചെയർമാനാക്കുകയും ചെയ്തു. നിയമാവലി പരിശോധിച്ചപ്പോൾ ചെയർമാന് കോളേജിൽ ഒരു സ്ഥാനവുമില്ലെന്ന് മനസിലായി. ഷെയർ ഹോൾഡർ മാത്രമാണെന്നാണ് ഇയാൾ മാദ്ധ്യമങ്ങളോടു പറഞ്ഞത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് ഗുരുവിന്റെ അനുഗ്രഹമായി കണക്കാക്കുന്നു. വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് 24 കോടി രൂപയ്ക്ക് കോളേജ് ജപ്തി ചെയ്യുന്നതായി കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചു. 9 മാസം മുമ്പ് ബാങ്ക് അറ്റാച്ച്മെന്റ് നടപടികൾ ചെയ്തു. താനുൾപ്പെടെ 9 പേരുടെ പേരിലാണ് വായ്പ എടുത്തത്. ഭൂരിഭാഗം പേരുടെയും വ്യാജ ഒപ്പാണ് വായ്പ അപേക്ഷയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഉമ്മാക്കി കാണിച്ച് ഭയപ്പെടുത്തിയാൽ പേടിച്ച് ഓടുന്നവരല്ല കണിച്ചുകുളങ്ങരക്കാരെന്ന് ഇക്കൂട്ടർ ഓർമ്മിക്കണമെന്നും തുഷാർ പറഞ്ഞു.