ph

കായംകുളം: ജില്ലയിൽ കോൺഗ്രസിന്റെ ദീപ്ത മുഖങ്ങളിൽ ഒന്നായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ തച്ചടി സോമൻ. നിഷ്കളങ്കവും ആകർഷകവുമായ പെരുമാറ്റം കൊണ്ട് പരിചയപ്പെടുന്നവരുടെയെല്ലാം പ്രിയപ്പെട്ട 'സോമൻ ചേട്ടനാ'കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അതുകൊണ്ടുതന്നെ ആ ഓർമ്മകൾക്ക് മരണവുമില്ല.

കേരളം ആദരവോടെ നോക്കിക്കണ്ട കോൺഗ്രസ് നേതാവും മുൻ ധനകാര്യ മന്ത്രിയുമായിരുന്ന തച്ചടി പ്രഭാകരന്റെ സഹോദരൻ എന്ന നിലയിൽ ആ നിഴൽ പറ്റിയായിരുന്നു രാഷ്ടീയ ജീവിതം. പ്രമുഖ സഹകാരി കൂടിയായിരുന്ന തച്ചടി രൂപം നൽകിയ പത്തിയൂർ ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്കിന്റെ അമരക്കാരനായി മരണം വരെ തുടരാൻ തച്ചടി സോമന് കഴിഞ്ഞു.

കഴിഞ്ഞ 40 വർഷമായി ഇതിന്റെ പ്രസിഡന്റാണ് സോമൻ.

രണ്ടുതവണ കായംകുളം നഗരസഭ കൗൺസിലറും ഒരു തവണ വൈസ് ചെയർമാനുമായി നഗരത്തിന്റെ വികസന പദ്ധതികളിൽ സജീവ സാന്നിദ്ധ്യമാവാൻ അദ്ദേഹത്തിനു കഴിഞ്ഞു. സഹകരണ മേഖലയിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാനായിരുന്ന അദ്ദേഹം കശുഅണ്ടി തൊഴിലാളികളെ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. കശുഅണ്ടി തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റാണ് നിലവിൽ. ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം എസ്.എൻ.ഡി.പി യോഗം കൗൺസിലറായും എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പറായും പ്രവർത്തിച്ചിരുന്നു.

ജീവിതത്തിന്റെ നാനാതുറകളിലുള്ള ആയിരങ്ങളാണ് വിയോഗ വാർത്തയറിഞ്ഞ് വസതിയിലെത്തിയത്.