നഗരസഭ പരിധിയിലെ സ്കൂളുകളിൽ നാളെമുതൽ പ്രഭാത ഭക്ഷണവും
ആലപ്പുഴ: നഗരസഭ പരിധിയിലെ വിദ്യാലയങ്ങളിൽ കുട്ടികൾക്ക് ഇനി പ്രഭാതഭക്ഷണവും സൗജന്യം. 40ൽ അധികം സ്കൂളുകളിലെ കുട്ടികൾക്ക് ഭക്ഷണം നൽകുന്ന പദ്ധതിക്ക് നാളെ തുടക്കമാവും. നിലവിൽ ഉച്ചഭക്ഷണമാണ് നഗരസഭയുടെ നേതൃത്വത്തിൽ നൽകുന്നത്.
എൽ.പി, യു.പി ക്ലാസുകളിലെ തിരഞ്ഞെടുക്കപ്പെട്ട 1700ഓളം കുട്ടികൾക്കാണ് പ്രഭാത ഭക്ഷണം നൽകുന്നത്. ഇരവുകാട്, കൊറ്റംകുളങ്ങര, പാലസ്, സിവിൽ സ്റ്റേഷൻ, പുന്നമട, കൊമ്മാടി എന്നീ വാർഡുകളിലെ 6 കുടുംബശ്രീ യൂണിറ്റുകൾക്കാണ് ഭക്ഷണത്തിന്റെ ചുമതല. രാവിലെ 8.30 ന് സ്കൂളുകളിൽ ഭക്ഷണം പാകം ചെയ്ത് എത്തിക്കും വിധമാണ് പ്രവർത്തനം. നിർദ്ധന കുടുംബങ്ങളിലെ കുട്ടികൾ, പതിവായി രാവിലെ ഭക്ഷണം കഴിക്കാതെ എത്തുന്ന കുട്ടികൾ, വീടുകളിലെ സാഹചര്യംമൂലം രാവിലെ ഭക്ഷണം കഴിക്കാൻ പറ്റാത്തവർ എന്നിങ്ങനെയുള്ളവരിൽ നിന്നാണ് അദ്ധ്യാപകർ അർഹതപ്പെട്ട കുട്ടികളെ കണ്ടെത്തി പട്ടിക തയ്യാറാക്കിയത്. നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റിയും ആരോഗ്യവകുപ്പും കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തും. ഇതോടൊപ്പം കുട്ടികൾ ആഹാരം പാഴാക്കാതെ ഉപയോഗിക്കുന്നുണ്ടോയെന്നും ശ്രദ്ധിക്കും.
നഗരസഭയുടെ വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപയാണ് പ്രഭാത ഭക്ഷണത്തിന് വിനിയോഗിക്കുന്നത്. അടുത്ത അദ്ധ്യയന വർഷം 48 ലക്ഷം രൂപ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തും. കൂടാതെ സ്കൂളുകളുടെയും വിദ്യാർത്ഥികളുടെ എണ്ണവും വിപുലീകരിക്കും. തിങ്കൾ മുതൽ വെള്ളി വരെയുള്ള പ്രവൃത്തി ദിവസങ്ങളിലും പഠനമുള്ള ശനിയാഴ്ചകളിലും സ്‌കൂളുകളിൽ ഭക്ഷണം എത്തിക്കും വിധമാണ് പ്രവർത്തനം. പ്രത്യേകം തയ്യാറാക്കിയ ഭക്ഷണവിവരപ്പട്ടികയുടെ അടിസ്ഥാനത്തിലാണ് ഓരോ ദിവസവും ക്രമീകരിച്ചിരിക്കുന്നത്. ശനിയാഴ്ച ദിവസങ്ങളിൽ സ്‌പെഷ്യൽ ക്ലാസുണ്ടെങ്കിൽ ആ ദിവസവും ഭക്ഷണം നൽകും.
.........................................
ഭക്ഷണ ക്രമം
തിങ്കൾ: ഇഡ്ഡലി
ചൊവ്വ: ഇടിയപ്പം
ബുധൻ: ഉപ്പുമാവ്
വ്യാഴം: അപ്പവും മുട്ടക്കറിയും
വെള്ളി: പുട്ടും കടലക്കറിയും
ശനി: ബ്രഡ്-ജാം, വേവിച്ച പഴം
................................
'നഗരസഭയുടെ നേതൃത്വത്തിലുള്ള പ്രഭാത ഭക്ഷണ പദ്ധതി നാളെ ആരംഭിക്കും. രണ്ട് മാസം നീണ്ടുനിന്ന നീരീക്ഷണത്തിനുശേഷമാണ് അർഹരായ കുട്ടികൾകളുടെ പട്ടിക തയ്യാറാക്കിയത്. 6 കുടുംബശ്രീ യൂണിറ്റുകൾക്കാണ് പ്രാദേശിക സൗകര്യം കണക്കിലെടുത്ത് ഭക്ഷണ ചുമതല നൽകിയത്'
(ജി.മനോജ്കുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ)