ആലപ്പുഴ: ജില്ലയിലെ കടലോര പ്രദേശങ്ങളിൽ ജിയോ ട്യൂബുകളിൽ കടൽമണ്ണ് നിറച്ച് തീരം സംരക്ഷിക്കുന്ന പദ്ധതി നടപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡിഷ്യൽ അംഗം പി. മോഹനദാസ് സർക്കാരിന് നിർദ്ദേശം നൽകി.
മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡിലുള്ള തീരദേശം സംരക്ഷിക്കാനായി ഓമനപ്പുഴ മുതൽ കാട്ടൂർ വാഴക്കൂട്ടം പൊഴി വരെ 34 പുലിമുട്ടുകളുടെ നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. കാട്ടൂർപള്ളിക്കും വാട്ടർടാങ്കിനും പടിഞ്ഞാറ് ഭാഗത്തും വാഴക്കൂട്ടം പൊഴിക്ക് വടക്കുമായി കരിങ്കല്ലുകൾ സ്ഥാപിച്ച് കടൽഭിത്തി നിർമ്മാണം പൂർത്തിയാക്കണം. കളക്ടർക്കും ഇറിഗേഷൻ ഡയറക്ടർക്കുമാണ് കമ്മിഷൻ നിർദ്ദേശം നൽകിയത്. മാരിക്കുളം തെക്ക് പഞ്ചായത്തിലെ പുലിമുട്ട് നിർമ്മാണം കിഫ്ബിയുടെ പരിഗണനയിലാണെന്ന് ഇറിഗേഷൻ എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. ജിയോ ട്യൂബുകളിൽ കടൽമണ്ണ് നിറച്ച് തീരം സംരക്ഷിക്കുന്ന പദ്ധതി സർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്. മനുഷ്യാവകാശ പ്രവർത്തകനായ എം.ജയമോഹനും പ്രദേശവാസിയായ ജോർജ് പാനേഴത്തും സമർപ്പിച്ച പരാതിയിലാണ് നടപടി.