പൂച്ചാക്കൽ : പ്രൈമറി വിദ്യാലയങ്ങളിലെ കുട്ടികൾക്ക് എൽ.എസ്.എസ്., യു. എസ്.എസ് പഠനത്തിന് ഹൈടെക് സംവിധാനമേർപ്പെടുത്തി പാണാവള്ളി പഞ്ചായത്ത് മാതൃകയാകുന്നു. സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പരിശീലനം നൽകുന്ന പ്രത്യേക ആപ്ലിക്കേഷൻ ലോഞ്ചിംഗ് പഞ്ചായത്ത് പ്രസിഡന്റ് ഡോ.പ്രദീപ് കൂടയ്ക്കൽ നിർവ്വഹിച്ചു. ഓടമ്പള്ളി ഗവ.യു.പി.സ്കൂളിൽ ചേർന്ന ചടങ്ങിൽ പഞ്ചായത്ത് വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി ചെയർമാൻ പി.കെ. സുശീലൻ അധ്യക്ഷനായി. സ്കോളർഷിപ്പ് പരിശീലന സാങ്കേതിക വിദ്യ രൂപകല്പന ചെയ്ത അദ്ധ്യാപകരായ വി. അജിത് (റ്റി.ഡി.റ്റി.റ്റി.ഐ. തുറവൂർ ) ഷീജ ഷിബു (ഗവ.റ്റി.ഡി.എൽ.പി.എസ്. തുറവൂർ ) എന്നിവരെ ആദരിച്ചു. പ്രഥമാധ്യാപകൻ എൻ.സി. വിജയകുമാർ , പി.ബാലചന്ദ്രൻ, കെ.എൻ.സോമശേഖരൻ , യു. രത്നപ്പൻ , വസന്തകുമാർ ,ശാരി ആർ.ശശീന്ദ്ര തുടങ്ങിയവർ സംസാരിച്ചു.