പരാതി സുഭാഷ് വാസു ഉൾപ്പെടെയുള്ള മുൻ ഭാരവാഹികൾക്കെതിരെ
മാവേലിക്കര : എസ്.എൻ.ഡി. പി യോഗം മാവേലിക്കര യൂണിയൻ ഒാഫീസിലെ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹവും മൈക്ക് സെറ്റും ഒാഫീസ് രേഖകളും കാണാതായതായി പരാതി. യൂണിയൻ മുൻഭാരവാഹികൾക്കെതിരെ അഡ്മിനിസ്ട്രേറ്റർ അഡ്വ.സിനിൽ മുണ്ടപ്പള്ളിയാണ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയത്. രണ്ടടി ഉയരത്തിലുള്ളതാണ് ഗുരുദേവ ചിത്രത്തോടൊപ്പം വിളക്ക് വച്ച് ആരാധിച്ചിരുന്ന വിഗ്രഹം. മീറ്റിംഗുകൾക്ക് ഉപയോഗിച്ചിരുന്ന മൈക്ക് സെറ്റും മൈക്രോ ഫിനാൻസിന്റെ വായ്പാ തിരിച്ചടവ് പാസ് ബുക്ക്, മാസ തിരിച്ചടവ് സ്റ്റേറ്റ്മെന്റ് രസീതുകൾ തുടങ്ങിയവയും കാണാതായതായി പരാതിയിലുണ്ട്. ഇവ കാണാതായതിൽ യൂണിയൻ മുൻ പ്രസിഡന്റ് സുഭാഷ് വാസു, മുൻ സെക്രട്ടറി ബി.സുരേഷ് ബാബു, യൂണിയൻ ഒാഫീസിലെ ജീവനക്കാരൻ മധു എം. പെരിങ്ങറ എന്നിവർക്ക് പങ്കുണ്ടെന്ന് പരാതിയിൽ ആരോപിച്ചു. മൈക്രോഫിനാൻസ് തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ഇവർ, അന്വേഷണഭാഗമായി ഹാജരാക്കേണ്ട തെളിവുകളാണ് കടത്തിയതെന്ന് പരാതിയിലുണ്ട്.