ആലപ്പുഴ: സർക്കാർ സ്‌കൂളുകൾക്കൊപ്പം എയ്ഡഡ് സ്‌കൂളുടെ വികസനവും ഉറപ്പാക്കുമെന്ന് മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. വൈ.എം.എം.എ എൽ.പി സ്‌കൂൾ ലജ്നത്തുൽ മുഹമ്മദിയ ഏറ്റെടുക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. രണ്ട് മേഖലയിലെയും സ്‌കൂളുകളെ ഒരു പോലെ മെച്ചപ്പെടുത്താൻ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കഴിഞ്ഞതിനാലാണ് വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റമുണ്ടാക്കാനായത്. എയ്ഡയ്ഡ് സ്‌ക്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ ചലഞ്ച് ഫണ്ട് കൊണ്ട് കഴിയുന്നുണ്ട്. 45000 ക്ലാസ്മുറികൾ ഹൈടെക്കാക്കി. 490 കോടി രൂപ ഇതിനായി ചെലവിട്ടു. 60 ശതമാനവും എയ്ഡഡ് മേഖലയ്ക്കാണ് വിനിയോഗിച്ചത്. ഭൗതിക സാഹചര്യം മാത്രം മാറിയാൽ പോരാ, അക്കാദമിക് മികവ് കൂടിയുണ്ടെങ്കിലേ അഖിലേന്ത്യ നിലവാരത്തിൽ എത്താൻ കഴിയുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. ലജ്നത്തുൽ മുഹമ്മദിയ പ്രസിഡന്റ് എ.എം.നസീർ അദ്ധ്യക്ഷത വഹിച്ചു. 'ബ്ലൂ മിംഗ് ബഡ്സ് കിൻഡർ ഗാർട്ടൻ' വിഭാഗം അഡ്വ. എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. സ്‌കൂളിന്റെ പുന:ർനാമകരണം നഗരസഭ അദ്ധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ നിർവഹിച്ചു. മുൻ മാനേജർമാരായ എം. ജെ അബ്ദുൽ റഹീം സേട്ട്, ഹാറൂൺ സേട്ട് എന്നിവരെ ആദരിച്ചു. അഡ്വ. ജി. മനോജ്കുമാർ,എ. എം നൗഫൽ, ധന്യ ആർ.കുമാർ, സുരേഷ് ബാബു, പി. റ്റി. എ അഷ്റഫ് കുഞ്ഞാശാൻ, പി.ഖദീജ, നസ്മൽസലീം, ഐ.അബ്ദുൽ റഹീം സേട്ട്, എസ്.എം.ഷെരീഫ്, എസ്.ബി.ബഷീർ, എ.എം.കാസിം തുടങ്ങിയവർ പങ്കെടുത്തു. ലജ്നത്തുൽ മുഹമ്മദീയ ജനറൽ സെക്രട്ടറി ഫൈസൽ ഷംസുദീൻ സ്വാഗതവും ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് എം.റസീമ നന്ദിയും പറഞ്ഞു.