gh

ഹരിപ്പാട് : മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിലായി. ഓച്ചിറ പായിക്കുഴി പിനറ്റുംമൂട്ടിൽ വടക്കത്തിൽ സുനിൽ ബിലാലിനെയാണ് (40) തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്‌തത്‌. ഓച്ചിറയിലെ സ്ഥാപനത്തിൽ മൊബൈൽ റീചാർജ് ചെയ്തിടത്തു നിന്ന് യുവതിയുടെ നമ്പർ കൈക്കലാക്കിയ പ്രതി ഫോണിൽ കൂടി പരിചയം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് ഒരു യുവാവിന്റെ വിവാഹ ആലോചനയുമായി എത്തുകയാണെന്ന് പറഞ്ഞാണ് ശനിയാഴ്ച സുനിൽ യുവതിയുടെ തറയിൽകടവിലെ വീട്ടിൽ എത്തിയത്. അമ്മയും സഹോദരനും പുറത്തിരുന്ന സമയം വീടിനുള്ളിൽ കയറിയ ഇയാൾ യുവതിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നെന്നാണ് പരാതി. മകളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ മാതാവ് ഇയാളെ തല്ലി അകറ്റുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാൾക്കെതിരെ ഓച്ചിറ സ്റ്റേഷനിൽ നേരത്തെ പോക്സോ പ്രകാരം കേസുണ്ട്.