കായംകുളം:എം.ഡി.എം.എ ഇനത്തിൽപ്പെട്ട 750 മില്ലി മയക്കുമരുന്നുമായി യുവാവ് പൊലീസിന്റെ പിടിയിലായി. കൃഷ്ണപുരം പാലസ് വാർഡിൽ വെമ്പാലിൽ വയലിൽ വീട്ടിൽ ബിനേഷി (32)നെയാണ് ദേശത്തിനകം ഇടയോടിക്കാവ് ക്ഷേത്രത്തിന്റെ സ്റ്റേജിന് സമീപത്ത് നിന്ന് അറസ്റ്റ് ചെയ്തത്. ഇയാൾ അടിപിടി കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഒ.എൻ.കെ ജംഗ്ഷനു സമീപത്തു നിന്നും കഞ്ചാവ് പൊതികളുമായി പിടികൂടിയി കീരിക്കാട് തെക്കു മുറിയിൽ കുളങ്ങരേത്ത് പുതുവൽ വീട്ടിൽ മുഹമ്മദ് അസ്ലമിനെ (22) ചോദ്യം ചെയ്തപ്പോഴാണ് ബിനേഷിനെക്കുറിച്ച് വിവരം ലഭിച്ചത്. സി. ഐ. ജി. ഗോപകുമാർ, എസ്.ഐ മാരായ ഷൈജു ഇബ്രാഹിം, ബി.ടി. സാമുവൽ, എ.എസ്. ഐ മാരായ സന്തോഷ്, ഇല്യാസ്, നവീൻകുമാർ, പൊലീസുകാരായ മുഹമ്മദ് ഷാഫി, എബി, ഹരികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.
ലഹരിമരുന്ന് വില്പനയും ഉപഭോഗവും തടയുന്നതിന്റെ ഭാഗമായുള്ള സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് കഴിഞ്ഞ ഒരാഴ്ച്ചയായി പൊലീസ് നടത്തിയ പരിശോധനയുടെ ഫലമായാണ് പ്രതികളെ പിടികൂടാൻ സാധിച്ചത്.