ചാരുംമൂട് : പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതു വഴി നരേന്ദ്ര മോദി ഇന്ത്യയെ സംരക്ഷിച്ചിരിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന സെക്രട്ടറി അഡ്വ.ബി.ഗോപാലകൃഷ്ണൻ പറഞ്ഞു. ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1955 ൽ അംബ്ദേകർ കൊണ്ടുവന്ന പൗരത്വ നിയമത്തിന്റെ പിന്തുടർച്ചയാണ് 2019 ലെ പൗരത്വ ഭേദഗതി നിയമം. അനധികൃത കുടിയേറ്റക്കാർക്ക് മാത്രം ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ നിയമം പാവപ്പെട്ട മുസ്ലീങ്ങളെ നാടുകടത്താനാണെന്ന ഇടത്, കോൺഗ്രസ് പ്രചാരണം തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ല പ്രസിഡന്റ് കെ.സോമൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതിയംഗം മാമ്പഴത്തറ സലിം പൗരത്വ ഭേദഗതി നിയമം വിഷയാവതരണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറിമാരായ ഡി.അശ്വനിദേവ്, എം.വി.ഗോപകുമാർ, ജില്ല ട്രഷറർ കെ.ജി. കർത്ത, മുൻ മണ്ഡലം പ്രസിഡന്റ് വെട്ടിയാർ മണിക്കുട്ടൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ മധു ചുനക്കര, എ.കെ.ദാമോദരൻ, ആർട്ടിസാൻസെൽ സംസ്ഥാന കൺവീനർ അഡ്വ.സതീഷ്.ടി.പത്മനാഭൻ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അനിൽ വള്ളികുന്നം തുടങ്ങിയവർ സംസാരിച്ചു.