ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ഭവന, ഗതാഗത, കുടിവെളള പദ്ധതികളിൽ 2019-20 വർഷത്തിൽ ചരിത്രനേട്ടത്തിലേക്ക് കുതിക്കുന്നു.
ഭവന നിർമ്മാണത്തിൽ ലൈഫ് ഭവനങ്ങളോടൊപ്പം തന്നെ റീബിൽഡ് പദ്ധതി, അഗതി ആശ്രയ പദ്ധതി, റാമോജി റാവു ഫിലിം സിറ്റിയുടെ ഭവനനിർമ്മാണ പദ്ധതികൾ, സംയുക്ത സംഘടനകളുടെ സഹായങ്ങൾ എന്നിവ കൂടി ചേർത്തപ്പോൾ അഞ്ഞൂറോളം വീടുകൾ പഞ്ചായത്തിന് ലഭിച്ചു. ഇതോടെ തണ്ണീർമുക്കം സംസ്ഥാനത്തെ പ്രഥമ പഞ്ചായത്തെന്ന ബഹുമതിലേക്ക് എത്തുകയാണ്.
ഗതാഗതത്തിൽ ഈ വർഷം 12 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുളളത്. തൊഴിലുറപ്പ് പദ്ധതിയിലും സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളിലുമായി അഞ്ച് കോടി വീതവും പഞ്ചായത്തിന്റെ പദ്ധതി തുകയിൽ ഉൾപ്പെടുത്തി രണ്ട് കോടിയുടെയും പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. മണവേലി-ചാലിപ്പളളി, പഞ്ചായത്ത് കവല- ശാസ്താം കവല, മാക്കി കവല - ഭജനമഠം തുടങ്ങി ഇരുപതോളം പ്രധാനപ്പെട്ട റോഡുകളുടെ പുനർ നിർമ്മാണത്തിനാണ് തുക അനുവദിച്ചിരിക്കുന്നത്. 23 വാർഡുകളിലായി ചെറുതും വലുതുമായ മുന്നൂറോളം റോഡുകളുടെ നിർമ്മാണവും പൂർത്തിയാകും. 2020 ആഗസ്റ്റോടെ സമ്പൂർണ കുടിവെളള പദ്ധതിയും ലക്ഷ്യത്തിലെത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എസ്.ജ്യോതിസ് പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി പ്രകാരമുളള പുതിയ റോഡുകളുടെ ഉദ്ഘാടനം മരുത്തോർവട്ടത്ത് നടന്ന ചടങ്ങിൽ സി.പി.എം ഏരിയ സെക്രട്ടറി എസ്. രാധാകൃഷ്ണൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എസ്.ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ലിജി, ഉദേഷ് യു.കൈമൾ, എം.എ.വിശാഖ്, ശിവൻകുട്ടി,വി.സി.രാജീവൻ, ഉണ്ണിക്കൃഷ്ണൻ,അഖിൽ അരവിന്ദൻ എന്നിവർ പങ്കെടുത്തു.