മാരാരിക്കുളം :മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ ഉദ്ഘാടനം അഡ്വ.എ.എം.ആരിഫ് എം.പി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡി.പ്രിയേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ,കെ.ടി.മാത്യു, ജമീല പുരുഷോത്തമൻ, ഹരിത കേരളമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ രാജേഷ്, ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.ഉദയസിംഹൻ, ഡി.ഡി.പി ശശി, ബാങ്ക് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.കെ.രമണൻ, പഞ്ചായത്ത് അംഗങ്ങളായ പി.കെ.പൊന്നപ്പൻ,റെജികുമാർ, സി.ഡി.എസ് ചെയർപേഴ്സൺ സുകന്യ സജിമോൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ഇ.ക്ലീറ്റസ് സ്വാഗതവും അസി.സെക്രട്ടറി വിനോദ്കുമാർ നന്ദിയും പറഞ്ഞു.
പ്രതിഷേധിച്ച് കോൺഗ്രസ്
ഉദ്ഘാടന ചടങ്ങിനിടെ കോൺഗ്രസ് നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിലുണ്ടായ ഉന്തിലും തള്ളിലും നാലു പേർക്ക് പരിക്കേറ്റു. കുടുംബശ്രീ അംഗങ്ങളായ ചൂത്തനാട് പ്രസന്ന, കൊരാട്ട് വെളി മണിയമ്മ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.വി.ജോസി, കെ.എസ്.യു ജില്ലാ സെക്രട്ടറി എ.ഡി.തോമസ് എന്നിവർക്കാണ് പരിക്കേറ്റത്.പ്രസിഡന്റ് രാജിവയ്ക്കണമെന്ന ആവശ്യവുമായാണ് കോൺഗ്രസ് പ്രവർത്തകർ എത്തിയത്. ഇവരെ നേരിടാൻ സി.പി.എം പ്രവർത്തകർ രംഗത്തെത്തിയതോടെയാണ് സംഘർഷം ഉടലെടുത്തത്. മാരാരിക്കുളം പൊലീസെത്തി കോൺഗ്രസ് പ്രവർത്തകരെ നീക്കിയ ശേഷമാണ് എ.എം.ആരിഫ് എം.പി പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം നടത്തിയത്.