മാവേലിക്കര: മോഷണശ്രമം നടത്തിയതിന് നാട്ടുകാർ പിടികൂടി ഏൽപ്പിച്ചിട്ടും പൊലീസ് വിട്ടയച്ച ഇതര സംസ്ഥാന തൊഴിലാളി മണിക്കൂറുകൾക്കുള്ളിൽ മാലമോഷ്ടിക്കാനുള്ള ശ്രമത്തിനിടെ പിടിയിലായി. ബംഗാൾ സ്വദേശി നന്ദോ കോറോ (29) ആണ് പിടിയിലായാത്.
ഇന്നലെ വൈകിട്ട് 7ന് കൊറ്റാർകാവിന് സമീപത്തെ വീട്ടിൽ മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാർ ഇയാളെ ആദ്യം പിടികൂടി പൊലീസിന് കൈമാറിയത്. പരാതി ഇല്ലാത്തതിനാൽ ഇയാളെ രാത്രിയിൽതന്നെ പൊലീസ് വിട്ടയച്ചു. സ്റ്റേഷനിൽ നിന്ന് ഇറങ്ങിയ നന്ദോ കോറോ തൊട്ടടുത്ത് ബുദ്ധ ജംക്ഷന് സമീപത്തുള്ള വീട്ടിലെ വീട്ടുടമയുടെ മാല പൊട്ടിച്ചെടിക്കാൻ ശ്രമിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഇയാളെ പിടിയ്ക്കാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിനു മുകളിൽ കയറിയ നന്ദോ കോരോ വീടിന് മുകളിൽ നിന്ന് ഓടിളക്കി നാട്ടുകാർക്ക് നേരെ വലിച്ചെറിഞ്ഞു. ഒടുവിൽ നാട്ടുകാർ സാഹസികമായി പിടികൂടി ഇയാളെ പൊലീസിന് കൈമാറി. വീട്ടുടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് എടുത്തു.