 വേഗപ്പൂട്ടില്ലാതെ ലോറികൾ പായുന്നു

ആലപ്പുഴ: വേഗനിയമങ്ങൾ മറികടന്ന് ചീറിപ്പായുന്ന ടിപ്പർ ലോറികളും മറ്റു ഭാരവാഹനങ്ങളും ഒരിടവേളയ്ക്കു ശേഷം ദേശീയപാതയുൾപ്പെടെയുള്ള നിരത്തുകളിൽ കൊലവിളി തുടങ്ങി. വേഗപ്പൂട്ട് കർശനമാക്കിയ വാഹനങ്ങൾ പോലും ഇവയൊന്നുമില്ലാതെ പാഞ്ഞ് അപകടങ്ങൾ പതിവാക്കിയിട്ടും വേണ്ടത്ര പരിശോധന മോട്ടോർ വാഹന വകുപ്പിന്റെയോ, പൊലീസിന്റെയോ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്ന് ആക്ഷേപമുണ്ട്.

ഒമ്പത് സീറ്റിന് മുകളിലുള്ള വാഹനങ്ങൾക്കും ഭാരം കയറ്റുന്ന എല്ലാ വാഹനങ്ങൾക്കുമാണ് വേഗപ്പൂട്ട് നിർബന്ധമാക്കിയിരിക്കുന്നത്. എന്നാൽ, നിലവിൽ സ്കൂൾ ബസുകളിൽ മാത്രമാണ് വേഗപ്പൂട്ട് കാര്യക്ഷമമായി പ്രവർത്തിക്കുന്നത്.

മോട്ടോർവാഹന വകുപ്പ് പരിശോധനകൾ ഇടയ്ക്കിടെ നടത്തുന്നുണ്ടെങ്കിലും വേഗപ്പൂട്ടിന് മാത്രമായി പ്രത്യേക പരിശോധനയില്ല. അഥവാ പരിശോധനയ്ക്കിടെ ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാലും അടുത്ത തവണയും ഇതേ വാഹനങ്ങൾ ഇതേ നിയമലംഘനത്തിന് പിടിക്കപ്പെടാറുണ്ടെന്ന് മോട്ടോർവാഹന വകുപ്പ് അധികൃതർ തന്നെ പറയുന്നു. വേഗപ്പൂട്ട് ഘടിപ്പിച്ചാൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ ഓടാനാവില്ല.

രാത്രികാലങ്ങളിൽ അമിത ഭാരം കയറ്റി എത്തുന്ന തടി ലോറികളാണ് മറ്റൊരു ഭീഷണി. കൊല്ലം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നാണ് തടി ലോറികൾ എത്തുന്നത്. വാഹനത്തിന് താങ്ങാവുന്നതിനപ്പുറം തടി കയറ്റുന്നതിനാൽ നിയന്ത്രണം തെറ്റി ഇവ മറിയുന്നതും പതിവ് സംഭവമാണ്. ഇത്തരം ലോറികളിലെ പരിശോധനകളും ഇപ്പോൾ നടക്കുന്നില്ല. രാത്രി 12നും പുലർച്ചെ നാലിനും ഇടയിലാണ് തടി ലോറികളുടെ സഞ്ചാരം.

................................

# മരണപ്പാച്ചിൽ

ജില്ലയിലെ നഗര പ്രദേശങ്ങളിൽ ടിപ്പർ ലോറികൾ അടക്കമുള്ളവയുടെ മരണപ്പാച്ചിലിന് തടയിടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്കൂൾ സമയങ്ങളിലെ നിയന്ത്രണം ലംഘിച്ചും ലോറികൾ പായുന്നതു കാണാം.

..........

# പിഴ കൊടുത്ത് മുങ്ങാം

അമിത വേഗത്തിന് മോട്ടോർ വാഹന നിയമം 184-ാം വകുപ്പ് പ്രകാരമാണ് കേസ്. 1000 രൂപയാണ് പിഴ. അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. ഓരോ വാഹനത്തിലും കയറ്റാവുന്ന ലോഡ് എത്രയാണെന്ന് നിശ്ചയിച്ചിട്ടുണ്ട്. പെർമിറ്റിലും ആർ.സി ബുക്കിലും ഇത് കാണിച്ചിട്ടുണ്ടാകും. അമിതഭാരം ഒരു ടണ്ണിൽ കൂടുതലാണെങ്കിൽ 2000 രൂപയും അതിന് മുകളിൽ ഓരോ ടണ്ണിനും 1000 രൂപ വരെയുമാണ് പിഴ.

...........................

# വാഹനങ്ങളും കയറ്റാവുന്ന ലോഡും

 ലോറി..........................10 ടൺ

 മിനി ലോറി ............... 4 5 ടൺ

 ടോറസ്....................17 ടൺ

 ടിപ്പർ............................... 10 ടൺ

 ഹെവി ടിപ്പർ ......... 17 ടൺ

............................

'രാത്രികാലങ്ങളിൽ ഓടുന്ന ലോറികൾ നിയമലംഘനം നടത്താറുണ്ട്. ഡ്രൈവർമാർ ഉറക്കത്തിൽപ്പെടുന്നതും അപകടം വരുത്തി വയ്ക്കും. സ്കൂൾ സമയത്ത് ലോറികൾ ഉൾപ്പയടെ സ്കൂൾ പരിസരിത്ത് കടന്ന് പോകുന്നത് നിരോധിച്ചതാണ്'

(ട്രാഫിക് പൊലീസ് )