ആലപ്പുഴ : വള്ളംകളി പ്രേമം അവസാന നിമിഷം വരെ നെഞ്ചേറ്റിയ തനി കുട്ടനാട്ടുകാരനായിരുന്നു ഇന്നലെ അന്തരിച്ച തൊമ്മിച്ചായൻ എന്ന ആന്റണി തോമസ്. വള്ളംകളിയിലെ എക്കാലത്തെയും സൂപ്പർ ടീമായ യുണൈറ്റഡ് ബോട്ട് ക്ളബ് കൈനകരിയുടെ മികച്ച തുഴക്കാരൻ. 1962മുതൽ 1982 21 വർഷം തുടർച്ചയായി നെഹ്റു ട്രോഫി മത്സരങ്ങളിൽ യു.ബി.സിക്കായി ഒന്നാം തുഴ നീട്ടിവലിച്ചിരുന്നത് തൊമ്മിച്ചനായിരുന്നു. ഹാട്രിക്കടക്കം ഏഴുതവണയാണ് ഈ കാലയളവിൽ യു.ബി.സി നെഹ്റുട്രോഫിയിൽ മുത്തമിട്ടത്. തുഴച്ചിൽ രംഗത്തു നിന്ന് പിൻവാങ്ങിയപ്പോഴും വള്ളംകളി സംഘാടകനായി തൊമ്മിച്ചൻ നിറഞ്ഞു നിന്നു. നിലവിൽ യു.ബി.സിയുടെ പ്രസിഡന്റായിരുന്നു .
തനി കുട്ടനാടൻ ശൈലിയിലുള്ള തുഴച്ചിലായിരുന്നു തൊമ്മിച്ചൻ ഉൾപ്പെട്ടിരുന്ന പഴയ യു.ബി.സി ടീമിന്റേത്. . വഞ്ചിപ്പാട്ട് പാടി തുഴ മുന്നിലേയ്ക്ക് എറിഞ്ഞ് മൂന്ന് കറക്കം കറങ്ങിയുള്ള തുഴച്ചിൽ ശൈലി ഇന്ന് വള്ളംകളി രംഗത്തെ ഒരു തുഴച്ചിൽക്കാരനിലും കാണാൻ സാധിക്കില്ല. നെഹ്രുട്രോഫിയിൽ ആധുനിക സംവിധാനത്തോടെ സ്റ്റാർട്ടിംഗ് സംവിധാനം വരുന്നതിന് മുമ്പാണ് തൊമ്മിച്ചൻ ഒന്നാം തുഴയെറിഞ്ഞത്.
നാല് മത്സരവള്ളങ്ങൾ നിരന്ന് കിടക്കുമ്പോൾ വടംകെട്ടി ഒപ്പത്തിനൊപ്പം നിർത്തും. അപ്രതീക്ഷിതമായി വിസിൽ മുഴങ്ങുമ്പോൾ മറ്റു വള്ളക്കാരെക്കാൾ ആദ്യം തുഴഎറിയുന്നത് തൊമ്മിച്ചനായിരുന്നു.
ആദ്യം അവസരം കിട്ടിയില്ല
ഓടി, വെപ്പ് വള്ളങ്ങളിൽ തുഴഞ്ഞ പരിചയവുമായി താെമ്മിച്ചൻ ചുണ്ടൻ വള്ളത്തിൽ തുഴയാൻ എത്തിയെങ്കിലും സംഘാടകർ അവസരം നിഷേധിച്ചു. തുടർന്ന് ഒരുവർഷക്കാലം സ്വന്തമായി നടത്തിയ കഠിന പരിശീലനത്തെ തുടർന്നാണ് ചുണ്ടനിൽ തുഴയാൻ കഴിഞ്ഞത്. കുറച്ചുകാലം തുഴച്ചിൽക്കാരനായി . 1962മുതൽ ഒന്നാം തുഴക്കാരനാക്കി. ഇതോടെ യു.ബി.സിയ്ക്ക് വിജയപരമ്പരയുടെ കാലം. ഒന്നാം തുഴക്കാരൻ നീട്ടി കുത്തിയെറിയുന്നത് മറ്റ് തുഴച്ചിൽക്കാർക്കും ജലോത്സവ പ്രേമികൾക്കും കൗതുകകാഴ്ചയായിരുന്നു.
തുഴച്ചിലിൽ നിന്ന് വിരമിച്ച തൊമ്മിച്ചൻ യു.ബി.സിയുടെ പ്രധാന സംഘാടകനായി. പരിശീലനത്തിൽ തുഴച്ചിൽകാരുടെ പിഴവ് കണ്ടെത്തി അതിന് കുട്ടനാടൻ ശൈലിയിൽ പരിഹാരമാർഗം നിർദേശിച്ച് കരുത്തുറ്റവരാക്കിമാറ്റും. പ്രായത്തെ മറന്ന് കഴിഞ്ഞ നെഹ്രുട്രോഫി മത്സരത്തിലും ചുറുചുറുക്കോടെ ക്ളബ്രന്റെ തുഴച്ചിൽക്കാർക്ക് ആവേശം പകർന്നിരുന്നു.
മികച്ച കമന്റേറ്റർ
ഓണക്കാലത്ത് കുട്ടനാട്ടിൽ 7മുതൽ 12വരെ തുഴച്ചിൽക്കാർ ഉൾപ്പെടുന്ന ചെറുവള്ളങ്ങളുടെ മത്സരത്തിൽ നിറസാന്നിദ്ധ്യമായിരുന്ന തൊമ്മിച്ചൻ തനി കുട്ടനാടൻ ഭാഷയിൽ നൽകുന്ന വിവരണം കാണികൾക്ക് ആവേശമായിരുന്നു ചമ്പക്കുളം മൂലം വള്ളം കളിയുടെയും മുഖ്യസംഘാടകനായിരുന്നു. കഴിഞ്ഞ വർഷം മത്സരവള്ളം കളിയുമായി ബന്ധപ്പെട്ട് ചോദ്യോത്തരമത്സരത്തിൽ ലഭിച്ച സമ്മാനത്തുക യു.ബി.സിയുടെ ഫണ്ടിലേക്ക് നൽകി. ജീവിതത്തിൽ ഒരിക്കൽ പോലും ചെരുപ്പ് ഉപയോഗിക്കാതെയായിരുന്നു തൊമ്മിച്ചന്റെ സഞ്ചാരം. കഴിഞ്ഞ പ്രളയത്തിന്ശേഷം, നഗര പ്രദേശത്ത് താമസിക്കുന്ന മക്കൾ ഒപ്പം താമസിക്കാൻ തൊമ്മിച്ചനെ വിളിച്ചെങ്കിലും അതിന് വഴങ്ങാതെ താൻ ജനിച്ച് വളർന്ന നാട്ടിൽ മരണം വരെ താമസിക്കാൻ തീരുമാനമെടുത്തു. കുട്ടമംഗലത്ത് പുതിയ വീടിന്റെ നിർമ്മാണം ആരംഭിച്ച് പാതിവഴിയിൽ എത്തിയപ്പോഴാണ് കാൻസറിന്റെ രൂപത്തിൽ വിധി തൊമ്മിച്ചന്റെ ജീവൻ കവർന്നത്.