പുളിങ്കുന്ന് : സി.പി.എം കുട്ടനാട് ഏരിയ കമ്മിറ്റിയംഗത്തിനെ വെട്ടിയ കേസിൽ പിടിയിലായ രണ്ട് ആർ.എസ്.എസ്, ബി.എം.എസ് പ്രവർത്തകർ റിമാൻഡിൽ. പുളിങ്കുന്ന് പാലപാത്ര വീട്ടിൽ ബാബുരാജ് (31), പുളിങ്കുന്ന് കായൽപ്പുറം കുടിനിലത്ത് മനേഷ് (37) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. ബാബുരാജ് ബി.എം.എസ്. പ്രവർത്തകനും, മനേഷ് ആർ.എസ്.എസ്. ശാഖാ കാര്യവാഹുമാണെന്ന് പൊലീസ് പറഞ്ഞു.
സി.പി.എം. കുട്ടനാട് ഏരിയ കമ്മിറ്റിയംഗവും, കർഷക തൊഴിലാളി യൂണിയൻ സെക്രട്ടറിയുമായ ജോസ് തോമസിനെയാണ് (ജോപ്പൻ) ഒരാഴ്ച മുമ്പ് കണ്ണാടി തൊണ്ണൂറിൽചിറയ്ക്ക് സമീപം വെട്ടി പരിക്കേൽപ്പിച്ചത്. ബസ് സ്റ്റോപ്പിലേക്ക് പോകുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെട്ടുകയായിരുന്നു. കൈകാലുകൾക്ക് വെട്ടേറ്റ ജോസ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തിരവോണ ദിവസം ഓണാഘോഷ പരിപാടിക്കിടെയുണ്ടായ തർക്കത്തെ തുടർന്ന് ബാബുരാജിനെ ഒരു സംഘം ആളുകൾ വീട് കയറി ആക്രമിച്ചിരുന്നു. ബാബുരാജിന്റെ അച്ഛന്റെ സഹോദരന്റെ മകനുമായുണ്ടായ സംഘർഷമാണ് പിന്നീട് വീട്കയറി ആക്രമണത്തിലേക്ക് നീങ്ങിയത്. സംഭവത്തിൽ സി.പി.എം. ഏരിയ കമ്മിറ്റിയംഗത്തിന്റെ മകൻ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഈ കേസിൽ ജോസ് തോമസ് പ്രതികൾക്ക് വേണ്ട സഹായങ്ങൾ നൽകിയെന്നാരോപിച്ചാണ് പ്രതികൾ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ മനേഷ് നിരവധി കേസുകളിൽ പ്രതിയാണ്.
പുളിങ്കുന്ന് സി.ഐ എസ്.നിസാമിന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്.