s

കുട്ടനാട് : ചെറുകഥാ രചനയിൽ നിരവധി അംഗീകാരങ്ങൾ ചെറുപ്രായത്തിലേ സ്വന്തമാക്കിയ അമൃതലക്ഷ്മിക്ക് ഇനിയൊരാഗ്രഹമുണ്ട്. ഒരു പുരാണ കഥാപാത്രത്തെ കേന്ദ്രബിന്ദുവാക്കി ഒരു നോവലെഴുതണം. അതിനുള്ള തയ്യാറെടുപ്പിലാണ് ഈ കൊച്ചുമിടുക്കി. എടത്വാ സെന്റ് അലോഷ്യസ് ഹയർസെക്കൻഡറി സ്‌ക്കൂളിലെ പ്ളസ് ടു വിദ്യാർത്ഥിനിയായ അമൃതലക്ഷ്മി കരുമാടി മാധവം വീട്ടിൽ ശശിധരക്കുറുപ്പിന്റയും സുലോചനാദേവിയുടേയും മകളാണ്. ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചെറുകഥാ രചനയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ അമൃത ലക്ഷ്മി നെഹ്രുട്രോഫി ജലോത്സവത്തോടനുബന്ധിച്ചുള്ള സാഹിത്യ മത്സരം,തകഴി സ്മാരക സാഹിത്യോത്സവം എന്നിവയിലും അഭിമാനാർഹമായ വിജയം നേടിയിട്ടുണ്ട്. അമ്പതിന് മേൽ ചെറുകഥകൾ ഇതിനിടയിൽ അമൃത ലക്ഷ്മി രചിച്ചു. പൊലീസിലെ നാടകസംഘം സംസ്ഥാനം മുഴുവൻ അവതരിപ്പിച്ചു വരുന്ന 'ഇനിയെങ്കിലും" എന്ന ട്രാഫിക് ബോധവത്കരണ നാടകത്തിലെ കവിതയെഴുതിയതും അമൃത ലക്ഷ്മിയാണ്. ഇതിലേക്ക് വഴിതെളിച്ചത് കൈനടി പൊലീസ് സ്റ്റേഷനിലെ എസ്.ഐ കെ.കെ.വിജയകുമാറാണ്. അക്കഥ ഇങ്ങനെ : അമൃതലക്ഷ്മി എട്ടാം ക്ളാസിൽ പഠിക്കുമ്പോൾ പൊലീസിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടത്തിയ ലഹരിവിരുദ്ധ, ട്രാഫിക് ബോധവത്കരണ പരിപാടിയുമായി ബന്ധപ്പെട്ടാണ് വിജയകുമാർ ഈ കൊച്ചുമിടുക്കിയെ പരിചയപ്പെടുന്നത്. വീണ്ടും ബോധവത്കരണവുമായി ബന്ധപ്പെട്ട് ഒരു നാടകത്തിന് കവിത ആവശ്യമായി വന്നപ്പോൾ വെറൊരാളെ അന്വേഷിക്കാനുണ്ടായിരുന്നില്ല. അവസരം അമൃതലക്ഷ്മിയെ തേടിയെത്തി.

സ്കൂളിലെ പ്രിൻസിപ്പൽ ആന്റണി മാത്യുവും അദ്ധ്യാപകരും സഹപാഠികളും ചേർന്ന് എഴുത്തിന്റെ വഴിയിൽ അമൃത ലക്ഷ്മിക്ക് പ്രോത്സാഹനവുമായുണ്ട്. മൂത്ത സഹോദരി ആശാ ലക്ഷ്മി ആലപ്പുഴ എസ്.ഡി കോളേജിൽ ബിരുദ വിദ്യാർത്ഥിയാണ്.