ആലപ്പുഴ: റേഷൻ പരിഷ്കരണം സംബന്ധിച്ച് വ്യാപാരികളുമായി ചർച്ച ചെയ്യണമെന്ന ഭക്ഷ്യമന്ത്രിയുടെ നിർദ്ദേശം ചില ഉദ്യോഗസ്ഥർ അട്ടിമറിക്കുകയാണെന്ന് കേരള സ്റ്റേറ്റ് റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആരോപിച്ചു.

മന്ത്രി രണ്ട് തവണ ചർച്ചയ്ക്കു തയ്യാറായി തീയതി നൽകിയെങ്കിലും അവസാനനിമിഷം മാറ്റിവച്ചതിനു പിന്നിൽ ഉദ്യോഗസ്ഥ തലത്തിലുള്ള അട്ടിമറിയാണെന്നു ആലപ്പുഴയിൽ കൂടിയ സംസ്ഥാന ഭാരവാഹികളുടെ യോഗം ആരോപിച്ചു. വ്യാപാരി പ്രതിനിധികളുമായി കൂടിയാലോചന നടത്താതെ ഏകപക്ഷീയമായി പരിഷ്കാരം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ അംഗീകരിക്കില്ല. കേരളത്തിലെ റേഷൻ വ്യാപാര മേഖല നേരിടുന്ന വിവിധ വിഷയങ്ങളും പരിഹാര മാർഗങ്ങളും ഉന്നയിച്ച് ജനങ്ങളിൽ നിന്നു ഒരു കോടി ഒപ്പ് ശേഖരിച്ച് പ്രധാനമന്ത്രിക്കു നിവേദനം നൽകും. ഫെബ്രുവരിയിൽ പാർലമെന്റ് മാർച്ച് നടത്താനും യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് ജി.കൃഷ്ണപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്.സുരേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ കെ.ബി.ബിജു, തൈക്കൽ സത്താർ, അജിത്കുമാർ, ശിവദാസ് വേലിക്കാട് ,എൻ.ഷിജീർ, തോമസ്, അംബുജാക്ഷൻ നായർ, എൽദോസ്, രാധാകൃഷ്ണൻ, നഹാസ്, ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.