ആലപ്പുഴ: വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യസംസ്‌കരണ-നിയന്ത്രണ പദ്ധതികളിൽ കാര്യക്ഷമത ഉറപ്പാക്കണമെന്ന് നിയമസഭാസമിതി നിർദ്ദേശിച്ചു. മാലിന്യസംസ്‌കരണ പദ്ധതികളിലെ പോരായ്മകൾ പരിഹരിക്കാനും ആവശ്യമായ കൂട്ടിച്ചേർക്കലുകൾ വരുത്താനും കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സമിതി അംഗങ്ങളും എം.എൽ.എമാരുമായ കെ.ദാസൻ, അഡ്വ.ഷാനിമോൾ ഉസ്മാൻ എന്നിവരാണ് തെളിവെടുപ്പ് നടത്തിയത്. കളക്ടർ എം.അഞ്ജനയും പങ്കെടുത്തു.
വിനോദ സഞ്ചാരം, തദ്ദേശ സ്വയംഭരണം, തുറമുഖം, മലിനീകരണ നിയന്ത്രണ ബോർഡ്, ശുചിത്വ മിഷൻ എന്നീ വിഭാഗങ്ങളിലെ ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്ന് തെളിവെടുപ്പ് നടത്തിയശേഷം ആലപ്പുഴയിലെ സ്വകാര്യ റിസോർട്ടിലും പാതിരാമണൽ ദ്വീപിലും നേരിട്ടെത്തി സമിതി സ്ഥിതിഗതികൾ പരിശോധിച്ചു. പുന്നമട ഫിനിഷിംഗ് പോയിന്റിലുള്ള നഗരസഭയുടെ എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റിന്റെ പ്രവർത്തനവും വിലയിരുത്തി. നവകേരള സൃഷ്ടിയിൽ മുഖ്യമാണ് മാലിന്യമുക്ത കേരളം ലക്ഷ്യമിട്ടുള്ള സമഗ്ര പദ്ധതി. ഇതിന്റെ ഭാഗമായി നേരത്തെ കോവളം, അതിരപ്പള്ളി എന്നിവിടങ്ങളിൽ നടത്തിയ തെളിവെടുപ്പിന്റെ തുടർച്ചയായാണ് ജില്ലയിലും സമിതിയെത്തിയത്. ഉടൻ റിപ്പോർട്ട് നിയമസഭയിൽ സമർപ്പിക്കുമെന്നുംഅംഗങ്ങൾ വ്യക്തമാക്കി.
ജനകീയ പ്രവർത്തനത്തിലൂടെ മാത്രമേ മാലിന്യമുക്ത കേരളം സാദ്ധ്യമാകൂവെന്ന് കെ.ദാസൻ എം.എൽ.എ ചൂണ്ടിക്കാട്ടി. മാലിന്യം ശേഖരിക്കാനുള്ള സംവിധാനത്തിലെ അപര്യാപ്തത, ഇക്കാര്യത്തിൽ ശരിയായ ബോധവത്കരണം നൽകുന്നതിൽ വന്നിട്ടുള്ള പിഴവ് എന്നിവയൊക്കെ നിയമലംഘനം നടത്താൻ പഴുതുണ്ടാക്കുന്നു.
ക്ളീൻ കേരള കമ്പനിയുടെ പ്രവർത്തനം ജില്ലയിൽ കൂടുതൽ ഫലപ്രദമാക്കാനായി കമ്പനിക്ക് ജില്ലയിൽ ഗോഡൗൺ വേണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. പാതിരാമണൽ ദ്വീപിലെ തെളിവെടുപ്പിൽ മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയലാൽ, വിനോദസഞ്ചാര വകുപ്പ് ഉപഡയറക്ടർ അഭിലാഷ്, വിവിധ വകുപ്പ് മേധാവികൾ എന്നിവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.