ആലപ്പുഴ: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ജില്ലയിൽ 19 ന് 1,36,453 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും. അതിഥി തൊഴിലാളി ക്യാമ്പുകളിലെ 813 കുട്ടികളും ഇതിൽ ഉൾപ്പെടും.നവജാത ശിശുക്കൾ ഉൾപ്പെടെ അഞ്ചു വയസിനുതാഴെയുള്ള എല്ലാ കുട്ടികൾക്കും ഒരു ഡോസ് പോളിയോ തുള്ളി മരുന്ന്(രണ്ടുതുള്ളികൾ) നൽകും. രാവിലെ 8 മുതൽ വൈകിട്ട് 5വരെയാണ് പോളിയോ തുള്ളിമരുന്ന് വിതരണം.സർക്കാർ,സ്വകാര്യ ആശുപത്രികൾ,ആരോഗ്യ കേന്ദ്രങ്ങൾ,അങ്കണവാടികൾ,തിരഞ്ഞെടുത്ത സ്‌കൂളുകൾ,ബസ് സ്റ്റാൻഡുകൾ,റെയിൽവേ സ്റ്റേഷനുകൾ,ബോട്ട് ജെട്ടികൾ,ഉത്സവങ്ങൾ നടക്കുന്ന സ്ഥലങ്ങൾ എന്നിവടങ്ങളിലാണ് പ്രത്യേകം സജ്ജീകരിച്ച പൾസ് പോളിയോ ബൂത്തുകൾ പ്രവർത്തിക്കുക.