 നിരോധനം രാത്രി 11.30 മുതൽ പുലർച്ചെ മൂന്ന് വരെ

ആലപ്പുഴ: ദേശീയപാതയിൽ തോട്ടപ്പള്ളി സ്പിൽവെ പാലത്തിൽ പുനരുദ്ധാരണ ജോലികൾ നടക്കുന്നതിനാൽ പാലം വഴിയുള്ള ഗതാഗതത്തിന് ഇന്നു രാത്രിയിൽ നിരോധനം ഏർപ്പെടുത്തി. രാത്രി 11.30 മുതൽ പുലർച്ചെ മൂന്ന് വരെയാണ് നിരോധനം.

ആലപ്പുഴയിൽ നിന്നു കായംകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അമ്പലപ്പുഴയിൽ നിന്നു കിഴക്കോട്ട് (ഇടത്തോട്ട്) തിരിഞ്ഞ് അമ്പലപ്പുഴ-തിരുവല്ല റോഡിൽ കോഴിമുക്ക് ജംഗ്ഷനിലെത്തി തെക്കോട്ട് (വലത്തോട്ട്) തിരിഞ്ഞ് ഹരിപ്പാട്-വീയപുരം റോഡിലൂടെ ഹരിപ്പാട് മാധവ ജംഗ്ഷനിലെത്തി ഹൈവേയിൽ പ്രവേശിക്കണം. കായംകുളം ഭാഗത്തു നിന്നു വരുന്ന എല്ലാ വാഹനങ്ങളും മാധവ ജംഗ്ഷനിൽ നിന്നു വടക്കോട്ട് (വലത്തോട്ട്) തിരിഞ്ഞ് അമ്പലപ്പുഴ-തിരുവല്ല റോഡിലെത്തി കോഴിമുക്ക് ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് അമ്പലപ്പുഴ വഴി ദേശീയപാതയിൽ പ്രവേശിക്കണം.

ജില്ലയിലെ ദേശീയ പാതയിലൂടെ ട്രെയിലർ പോലെയുള്ള വലിയ വാഹനങ്ങൾക്ക് ഇന്നു രാത്രി 11ന് ശേഷം പുലർച്ചെ മൂന്ന് വരെ നിരോധനമുണ്ട്. മൂന്നിനു ശേഷം തോട്ടപ്പള്ളി ഭാഗത്തുകൂടി മാത്രമേ വലിയ വാഹനങ്ങൾ കടത്തി വിടുകയുള്ളൂ.

ഈ സമയത്ത് അമ്പലപ്പുഴയ്ക്കും ഹരിപ്പാടിനുമിടയിൽ ഗതാഗത തടസമുണ്ടാക്കും വിധത്തിലുള്ള വാഹന പാർക്കിംഗും നിരോധിച്ചിട്ടുണ്ട്.

നിർദേശം ലംഘിച്ച് പാർക്കിംഗ് നടത്തിയാൽ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി അറിയിച്ചു.