ആലപ്പുഴ: വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചവരുടെ അപൂർവ സംഗമ വേദിയായി ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷൻ കുടുംബ സംഗമം. സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിലൂടെ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ആറ് പഞ്ചായത്തുകളിലെ 536 ഗുണഭോക്താക്കൾക്കാണ് വീട് ലഭിച്ചത്. വീടിനൊപ്പം തുടർ ജീവിതത്തിന് കൈത്താങ്ങേകാൻ വിവിധ സർക്കാർ വകുപ്പുകളുടെ സ്റ്റാളുകളും അദാലത്തിൽ ഒരുക്കിയിരുന്നു.
ഗ്രാമവികസനം, വ്യവസായം, കൃഷി, ആരോഗ്യം, പട്ടികജാതി- പട്ടിക വർഗ്ഗ വികസനം, കുടുംബശ്രീ, അക്ഷയ, ലീഡ് ബാങ്ക്, സിവിൽ സപ്ലൈസ്, കൃഷി, സാമൂഹ്യ നീതി, വ്യവസായ വകുപ്പ്, ക്ഷീര വികസനം, വനിതാ ശിശു വികസനം തുടങ്ങി ഇരുപത് വകുപ്പുകളുടെ സേവനമാണ് ലഭ്യമാക്കിയത്. ഉപഭോക്താക്കളിൽ പലരും അക്ഷയ വഴിയുള്ള ആധാർ സേവനങ്ങളാണ് കൂടുതലായും പ്രയോജനപ്പെടുത്തിയത്.