തുറവൂർ: തുറവൂർ ജംഗ്ഷനിൽ ട്രാഫിക് സിഗ്നലിൽ കാഴ്ച മറയ്ക്കുന്ന നിലയിൽ മീഡിയനിൽ വളർന്നു നിൽക്കുന്ന ആൽമരം ഡ്രൈവർമാർക്ക് ഭീഷണിയാകുന്നു. ദേശീയപാതയിലെ തിരക്കേറിയ ജംഗ്ഷനായ തുറവൂരിൽ തെക്കുഭാഗത്തും വടക്കുഭാഗത്തുമായി രണ്ട് എൽ.ഇ.ഡി സിഗ്നൽ പോസ്റ്റുകളാണുള്ളത്. തെക്കുവശത്തു നിന്നും വരുന്ന വാഹന യാത്രികർക്കാണ് ആൽമരം വിനയായത്. വർഷങ്ങൾക്കു മുൻപ് മീഡിയനിൽ സ്വയം മുളച്ചു വളർന്നതാണ് ഈ ആൽമരം. ഇപ്പോൾ സിഗ്നൽ പോസ്റ്റിനേക്കാൾ ഉയരത്തിൽ ആൽമരത്തിന്റെ കൊമ്പുകൾ വളർന്ന് നിൽക്കുന്നതിനാൽ സിഗ്നൽ വ്യക്തമായി കാണാൻ പ്രയാസം നേരിടുന്നതായി ഡ്രൈവർമാർ പറയുന്നു. ആൽമരം കൂടുതൽ വളർന്നാൽ ഇരുവശത്തും കുടി സഞ്ചരിക്കുന്ന വാഹനങ്ങളിൽ വൃക്ഷ കമ്പുകൾ തട്ടാനും സാദ്ധ്യതയേറെയാണ്. സിഗ്നലിനോട് ചേർന്ന് നിൽക്കുന്ന മരം വെട്ടിമാറ്റാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും ഡ്രൈവർമാരുടെയും ആവശ്യം.
സിഗ്നൽ പോസ്റ്റിനടുത്തെ ആൽമരം വെട്ടിമാറ്റാൻ നടപടി സ്വീകരിക്കും. ദേശീയപാതയുടെ പുനർനിർമ്മാണ ജോലികൾ തീരുന്ന മുറയ്ക്ക് മീഡിയനുകളും റോഡിന്റെ ഇരുവശങ്ങളും വൃത്തിയാക്കി അറ്റകുറ്റപ്പണികൾ നടത്തുമ്പോൾ ആൽ മരം വെട്ടി മാറ്റാനാണ് തീരുമാനം
എൻ.എസ്.ജയകുമാർ, ദേശീയപാത വിഭാഗം, പട്ടണക്കാട് ഡിവിഷൻ