മാവേലിക്കര: ഭർത്തൃവീട്ടിൽ തടവിലാക്കി ഭർത്താവും അമ്മയും ചേർന്ന് മർദ്ദിച്ച യുവതിയെയും മക്കളെയും പിങ്ക് പൊലീസെത്തി മോചിപ്പിച്ചു. പീഡനം മൂലം ഗുരുതരാവസ്ഥയിലായ യുവതിയെ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചുനക്കര ലക്ഷം വീട് കോളനിയിൽ കുഞ്ഞുമോൻ-സജീദ ദമ്പതികളുടെ മകൾ നിഷയെയാണ് (26) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശരീരമാസകലം മർദ്ദനമേറ്റ പാടുകളുണ്ട്. ആറു വയസുള്ള മകൾ നിജ ഫാത്തിമ, ഒരു വയസുള്ള മകൻ മുഹമ്മദ് സൽമാൻ എന്നിവരും വട്ടപ്പാറയിലുള്ള ഭർത്തൃവീട്ടിൽ തടങ്കലിലായിരുന്നു. ഭക്ഷണം പോലും ലഭിക്കാതെ അവശയായ നിഷയെ കഴിഞ്ഞ 10ന് ഭർത്താവും ഭർത്തൃമാതാവും ചേർന്നു മർദ്ദിച്ചു. ഓടി രക്ഷപ്പെട്ട നിഷ റോഡിലെത്തി നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാർ അറിയിച്ചതിനെ തുടർന്നു കൊട്ടാരക്കരയിൽ നിന്ന് തങ്ങൾ എത്തി നിഷയേയും മക്കളേയും സ്റ്റേഷനിലേക്കു കൊണ്ടുപോകുകയായിരുന്നുവെന്ന് പിങ്ക് പൊലീസ് അധികൃതർ പറഞ്ഞു.
വിവരമറിഞ്ഞെത്തിയ നിഷയുടെ മാതാപിതാക്കൾ 3 പേരെയും ചുനക്കരയിലെ വാടക വീട്ടിലേക്കു കൊണ്ടുപോയി. പിന്നീടാണ് നിഷയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം പൊലീസുകാർ നിഷയുടെയും മകളുടേയും മൊഴി രേഖപ്പെടുത്തി. 1984ൽ മാവേലിക്കര റെയിൽവേ ലെവൽ ക്രോസിൽ ട്രെയിനിടിച്ച് തെറിച്ചുവീണ് നിഷയുടെ പിതാവ് കുഞ്ഞുമോന്റെ കാഴ്ച നഷ്ടമായിരുന്നു. തുടർന്ന് നാട്ടുകാരുടെ കാരുണ്യത്തിലായിരുന്നു കുടുംബം. നാട്ടുകാരും പള്ളിക്കമ്മിറ്റിയും മുൻകൈയെടുത്തു 2012 ലാണു നിഷയുടെ വിവാഹം നടത്തിയത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു മർദ്ദനമെന്നു നിഷ പറഞ്ഞു.
ഭർത്താവ് ഓയൂർ പുല്ലാനിപ്പച്ചന ജിയ മൻസിലിൽ മുഹമ്മദ് നാജി (30), മാതാവ് നദീറ (55), സഹോദരി നജിയ (35) എന്നിവർ
ക്കെതിരെയാണ് നിഷയുടെ പരാതി.