അദ്ധ്യാപികയ്ക്കും വിദ്യാർത്ഥിക്കും കാർഷിക അവാർഡ്
ചേർത്തല: സ്‌കൂൾ പച്ചക്കറി കൃഷിയിലെ സജീവ പങ്കാളിത്തത്തിന് അദ്ധ്യാപികയ്ക്കും കൃഷി പരിചരണത്തിന് കുട്ടികർഷകയ്ക്കുമുള്ള അവാർഡ് മുഹമ്മ സി.എം.എസ് എൽ.പി സ്‌കൂളിന്. സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ജില്ലാതല അവാർഡാണ് സ്കൂളിലേക്കെത്തിയത്.
ആര്യക്കര ചെറുകുന്നേൽ ബിനോയ് സി.ജോസഫിന്റെ ഭാര്യ എൻ.എം.ഷേർളി, കഞ്ഞിക്കുഴി എസ്.എൻ പുരം നികർത്തിൽ സെബാസ്റ്റ്യൻ- അന്നമ്മ ദമ്പതികളുടെ മകൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി റോസ് സെബാസ്റ്റ്യൻ എന്നിവർക്കാണ് അവാർഡ് ലഭിച്ചത്. 17 ന് താമരക്കുളത്ത് മന്ത്റി വി.എസ്. സുനിൽ കുമാർ അവാർഡ് സമ്മാനിക്കും. ഷേർളിക്ക് ഒന്നാം സ്ഥാനവും റോസ് സെബാസ്റ്റ്യന് രണ്ടാംസ്ഥാനവുമാണ് ലഭിച്ചത്.
സ്‌കൂളിൽ കുട്ടിത്തോട്ടം ഒരുക്കിയാണ് ഷേർളി അവാർഡിന് അർഹയായത്. സ്‌കൂളിലെ വിവിധയിനം പച്ചക്കറി കൃഷിയെ പരിപാലിച്ച് റോസ് സെബാസ്റ്റ്യൻ മികച്ച കുട്ടി കർഷകയായി. സ്‌കൂളിനോടു ചേർന്നുള്ള സെന്റ് മാത്യൂസ് ചർച്ചിന്റെ 50 സെന്റിൽ കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്യുന്നുണ്ട്. ഷേർളിയും ഭർത്താവ് കലവൂർ ഗവ.എച്ച്.എസ്.എസ് അദ്ധ്യാപകൻ ബിനോയ് സി.ജോസഫും വീട്ടിലും പച്ചക്കറികൾ കൃഷി ചെയ്യുന്നുണ്ട്. നേഹ ബിനോയ്, നെവിൻ ബിനോയ് എന്നിവർ മക്കൾ.
കഞ്ഞിക്കുഴിയിലെ പച്ചക്കറി കർഷകനായ അച്ഛൻ സെബാസ്റ്റ്യനും സി.എം.എസ് എൽ.പി സ്‌കൂൾ അദ്ധ്യാപികയായ അമ്മ അന്നമ്മയും കൃഷിയിൽ കാണിക്കുന്ന താത്പര്യമാണ് റോസിന് പ്രചോദനം. വീട്ടിൽ സജീവമാണ് പച്ചക്കറി കൃഷി. എൽ.കെ.ജി വിദ്യാർത്ഥി റയാൻ സെബാസ്റ്റ്യനാണ് റോസിന്റെ സഹോദരൻ.
മികച്ച പച്ചക്കറി കൃഷിക്കുള്ള സംസ്ഥാന അവാർഡും ജില്ലാ അവാർഡും സ്‌കൂളിന് ലഭിച്ചു. മാനേജ്‌മെന്റിന്റെയും പ്രധാനാദ്ധ്യാപിക ജോളി തോമസിന്റെ നേതൃത്വത്തിലുള്ള അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും കെ.പി.സുധീർ പ്രസിഡന്റായുള്ള പി.ടി.എ കമ്മിറ്റി
യുടെയും സജീവ ഇടപെടൽ നേട്ടത്തിനു പിന്നിലുണ്ട്.