ഹരിപ്പാട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഗണിതോത്സവങ്ങൾക്ക് 17ന് ഹരിപ്പാട് ഉപജില്ലയിൽ തുടക്കമാകും. 19ന് സമാപിക്കും. ഗണിത പഠനത്തെ ആനന്ദകരമാക്കാം, ഗണിത സങ്കേതങ്ങളിലൂടെ കുട്ടികളുടെ ആത്മ വിശ്വാസവും അറിവും കഴിവും വികസിപ്പിക്കാം എന്നുമുള്ള ജനകീയ അന്വേഷണമാണ് ഗണിതോത്സവം. ഗണിത പ്രതിഭകളെ അറിയാനും അവരോട് സംവദിക്കാനുമുള്ള അവസരവും ഒരുക്കും. ഓരോ പഞ്ചായത്തിലെയും വിദ്യാഭ്യാസ സമിതി തീരുമാനിച്ച കേന്ദ്രങ്ങളിലാകും പരിപാടി. 6, 7, 8 ക്ലാസുകളിലെ 100 കുട്ടികൾ വീതം ഓരോ കേന്ദ്രങ്ങളിലും പങ്കാളികളാകും. പരിശീലനം നേടിയ 8 അദ്ധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നതെന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.വി ഷാജി, സമഗ്ര ശിക്ഷാ കേരളം ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എം.സുധീർഖാൻ റാവുത്തർ എന്നിവർ പറഞ്ഞു.