പുതിയ ഷെഡ്യൂൾ തുടങ്ങണമെന്ന് നിർദ്ദേശം
ആലപ്പുഴ:പെരുമ്പളം നിവാസികളുടെ ബോട്ട് യാത്രാ ക്ലേശം സംബന്ധിച്ച് ജലഗതാഗത വകുപ്പ് ഡയറക്ടറുമായി ഷാനിമോൾ ഉസ്മാൻ എം.എൽ.എ ചർച്ച നടത്തി.രാത്രിയിലുള്ള ബോട്ട് സർവീസ് അവസാനിക്കുന്ന നിലവിലെ സമയം ദീർഘിപ്പിക്കണം എന്ന പെരുമ്പളം നിവാസികളുടെ ദീർഘനാളായുള്ള ആവശ്യം ഡയറക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയതായി എം.എൽ.എ പറഞ്ഞു.
നേരത്തെയുണ്ടായിരുന്ന പെരുമ്പളം മാർക്കറ്റ് ജെട്ടി -എറണാകുളം ബോട്ട് സർവീസ് പുനരാരംഭിക്കുന്നതും നിലവിൽ ഉയോഗിക്കുന്ന ബോട്ടുകളുടെ കാലപ്പഴക്കവും ചർച്ച ചെയ്തു.
ചട്ടപ്രകാരം ബോട്ട് ഓടിക്കേണ്ടതിനേക്കാൾ കൂടുതൽ സമയം പെരുമ്പളത്ത് ബോട്ട് സർവീസ് നടത്തേണ്ടിവരുന്നതാണ് യാത്രാ സമയം ദീർഘിപ്പിക്കുന്നതിന് നിലവിലെ തടസമാണെന്നും ഇതിന് പുതിയ ഷെഡ്യൂൾ ആരംഭിക്കുന്നതാണ് പരിഹാരമാർഗം എന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും നിയമ സഭയിൽ ഇക്കാര്യം ഉന്നയിക്കാം എന്നും എം.എൽ.എ ഉറപ്പുനൽകി. ജലഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥർക്ക് പുറമേ പെരുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്.ഷിബു, സി.ഗോപിനാഥ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.