ആലപ്പുഴയെ കാർബൺ ന്യൂട്രൽ പാക്കേജുകളുടെ കേന്ദ്രമാക്കും
ആലപ്പുഴ:ടൂറിസം മേഖലയിൽ പുനരടയാളപ്പെടുത്തൽ അനിവാര്യമാണെന്നും അതിനായി ആലപ്പുഴയെ കാർബൺ ന്യൂട്രൽ പാക്കേജുകളുടെ ഹബ്ബാക്കി മാറ്രുമെന്നും ഉത്തരവാദിത്വ ടൂറിസം മിഷൻ സംസ്ഥാന കോ ഓർഡിനേറ്റർ കെ.രൂപേഷ് കുമാർ പറഞ്ഞു. ആലപ്പുഴയിൽ ടൂറിസം സംരംഭകരുടെ പരിശീലന പരിപാടിയിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശുദ്ധവായു ആയിരിക്കും ഇനി ടൂറിസത്തിന്റെ വികസന അടിത്തറ.
ഇപ്പോൾ ഉത്തരവാദിത്വ ടൂറിസം മിഷന് കീഴിൽ വൈവിദ്ധ്യമാർന്ന 1500ൽഅധി യൂണിറ്റുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്.
മിഷൻ സംസ്ഥാനമൊട്ടാകെ നടത്തുന്ന എക്സ്പീരിയൻഷ്യൽ പാക്കേജുകൾക്ക് സമാനമായി ജില്ലയിൽ പുതുതായി 5 പാക്കേജുകൾ കൂടി തയ്യാറായിട്ടുണ്ട്. സ്റ്റോറി ടെല്ലിംഗ് പാക്കേജുകളും ഗ്രാമയാത്രാ പാക്കേജുകളും ഉൾപ്പെടെ 5 ടൂർ പാക്കേജുകളാണ് ജില്ലയിലേക്ക് മിഷൻ തയ്യാറാക്കിയത്.
ജില്ലയിലെ അംഗീകൃത ഹോട്ടലുകൾ റിസോർട്ടുകൾ ,ഹോം സ്റ്റേകൾ എന്നിവ ജനുവരി അവസാനത്തോടെ പ്ലാസ്റ്റിക് വിമുക്ത മാക്കും.ഇതിന്റെ ഭാഗമായി ജില്ലയിലെ ടൂറിസം സംരംഭങ്ങൾക്കുള്ള തുണി സഞ്ചികൾ യോഗത്തിൽ വിതരണം ചെയ്തു.
മുൻനിര ഹോട്ടലുകളും റിസോർട്ടുകളും ഹൗസ് ബോട്ടുകൾ, ഹോം സ്റ്റേകൾ എന്നിവയും തദ്ദേശീയ ഉത്പന്നങ്ങളായ പച്ചക്കറി, പാൽ ,കരകൗശല വസ്തുക്കൾ എന്നിവയുള്ള ലിങ്കേജിന് പൂർണ്ണ പിന്തുണ നൽകുമെന്ന് ഉറപ്പ് നൽകി. ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ കെ. രാജ്കുമാർ അദ്ധ്യക്ഷനായിരുന്നു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി.ജി.അഭിലാഷ് , ഉത്തരവാദിത്വ ടൂറിസം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഹരീഷ് തുടങ്ങിയവർ സംസാരിച്ചു.
രുചിക്കാം ആലപ്പുഴയെ
ആലപ്പുഴയുടെ രുചി വൈവിദ്ധ്യം സഞ്ചാരികൾക്ക് അനുഭവവേദ്യമാക്കാൻ 310 വീടുകൾ സഞ്ചാരികൾക്ക് ഭക്ഷണം ഒരുക്കാൻ തയ്യാറാക്കി . ആലപ്പുഴയുടെ മനോഹാരിത നിലനിർത്താൻ ടൂറിസം സംരഭകരുടെ കൂട്ടായ ശ്രമം വേണം. വേമ്പനാട്ടു കായലാണ് ഈ നാടിന്റെ ഏറ്റവും വലിയ ടൂറിസം ആകർഷണം എന്ന് ഓർത്തില്ലെങ്കിൽ ആലപ്പുഴയിൽ ടൂറിസത്തിന് അധികം ആയുസുണ്ടാവില്ലെന്നും കെ.രൂപേഷ്കുമാർ പറഞ്ഞു.ഈ ലക്ഷ്യത്തിലൂന്നി എല്ലാ ടൂറിസം സംരഭങ്ങൾക്കും ഉത്തരവാദിത്വ ടൂറിസം ക്ലാസിഫിക്കേഷൻ ഏർപ്പെടുത്തും. ഹൗസ് ബോട്ട്, ആയുർവ്വേദ സ്ഥാപനങ്ങൾ, ഹോം സ്റ്റേ എന്നിവയ്ക്കുള്ള ക്ലാസിഫിക്കേഷൻ ആരംഭിച്ചു.
ജില്ലയിൽ ഉത്തരവാദിത്വ ടൂറിസം
3000 : വിവിധ യൂണിറ്റുകളിലായി ജില്ലയിൽ മൂവായിരത്തിലധികം തദ്ദേശവാസികൾ മിഷൻ പ്രവർത്തനത്തിന്റെ ഭാഗം
310: സഞ്ചാരികൾക്ക് ഭക്ഷണമൊരുക്കാൻ തയ്യാറായി 310 വീട്ടുകാർ
38 : ഉത്തരവാദിത്വ ടൂറിസം മിഷൻ യൂണിറ്റുകളുടെ ഉത്പന്ന വിപണനത്തിന്ന് റിസോർട്ട് കാറ്റഗറിയിൽപ്പെട്ട 38 സംരംഭങ്ങളുമായി ധാരണയുണ്ടാക്കി