ആലപ്പുഴ : വറുതിയിലാണ്ട തൊഴിലാളികളുടെ ഉപജീവനമാർഗം മുട്ടിച്ച്, കായംകുളം കായലിൽ നിന്ന് കക്ക വാരൽ നിരോധിച്ചുള്ള കളക്ടറുടെ ഉത്തരവ് വിവാദമാകുന്നു. മത്സ്യതൊഴിലാളി സംഘടനകളുമായി കൂടിആലോചന നടത്താതെയാണ് ഈ മാസം 14മുതൽ അടുത്തമാസം 29വരെ കായംകുളം കായലിൽ കക്ക വാരൽ നിരോധിച്ചത്.
ഇതിനെതിരെ വിവിധ മത്സ്യ തൊഴിലാളി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ജില്ലയിൽ കക്ക വാരി ഉപജീവനം നടത്തുന്ന 20,000ത്തോളം കുടുംബങ്ങളുണ്ട്. തീരം വറുതിയിൽ മുങ്ങുന്ന കാലമാണ് ജനുവരി മുതൽ മേയ് വരെയുള്ള മാസങ്ങൾ. ഈ കാലത്ത് പതിവ് തൊഴിലാളികൾക്ക് ഒപ്പം മത്സ്യ തൊഴിലാളികളും കക്ക വാരിയാണ് ഉപജീവനത്തിന് മാർഗം കണ്ടെത്തുന്നത്.
മത്സ്യത്തിന്റെ പ്രജനനകാലത്ത് കടലിൽ മത്സ്യ ബന്ധനം നിരോധിക്കുന്ന മാതൃകയിലാണ് കായംകുളം കായലിൽ നിന്ന് വലിയ കക്ക വാരുന്നതിനുള്ള നിരോധന ഉത്തരവ്. കക്കയുടെ പ്രത്യുത്പാദന കാലമാണ് ഈ ഒന്നര ഒന്നരമാസമെന്നാണ് അധികൃതരുടെ വാദം. കക്ക സമ്പത്ത് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരോധനം. എന്നാൽ ജില്ലയിലെ വേമ്പനാട് കായലിൽ കക്ക വാരൽ നിരോധിച്ചിട്ടുമില്ല. ആദ്യം കായംകുളത്ത് പരീക്ഷിച്ച ശേഷം വേമ്പനാട്ടു കായലിലും നിരോധനം ഏർപ്പെടുത്താനുള്ള നീക്കം ഉണ്ട്. മൂന്ന് വർഷം മുമ്പ് മുതൽ കൊല്ലം അഷ്ടമുടി കായലിൽ മൂന്ന് മാസത്തേയ്ക്ക് കക്ക വാരൽ നിരോധിച്ചിട്ടുണ്ടെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
നിരോധനം ഇങ്ങനെ
ജനുവരി 14 മുതൽ ഫെബ്രുവരി 29 വരെയുള്ള കാലയളവിൽ കായംകുളം കായലിൽ നിന്നു കക്ക വാരുന്നതോ അനധികൃത മാർഗ്ഗങ്ങളിൽ മത്സ്യബന്ധനം നടത്തുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ല ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
'' കൂടിആലോചന നടത്താതെ മന്ത്രിയുടെ നിർദേശത്തെ തുടർന്ന് കളക്ടർ ഏകപക്ഷീയമായി ഇറക്കിയ നിരോധന ഉത്തരവ് ലംഘിക്കും. നിരോധന കാലത്ത് തൊഴിലാളികളുടെ ഉപജീവനത്തിന് ആവശ്യമായ സഹായം പ്രഖ്യാപിക്കുകയോ നിരോധനത്തിന്റെ കാരണം വ്യക്തമാക്കുകയോ ചെയ്തിട്ടില്ല. കക്കയുടെ പ്രജനനം കായകുളത്ത് ഒന്നരമാസവും അഷ്ടമുടിയിൽ മൂന്ന് മാസവും ആണെന്ന് വാദിക്കുന്ന ഉദ്യോഗസ്ഥർ വേമ്പനാട്ടു കായലിൽ കക്കകൾക്ക് പ്രജനനം ഇല്ലെന്നാണോ പറയുന്നത്.
വി.ദിനകരൻ, ജനറൽ സെക്രട്ടറി ധീവരസഭ.