ചേർത്തല: വ്യാജരേഖ ചമച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ സുഭാഷ് വാസുവിനെതിരെ 20 ന് ചേർത്തലയിൽ ചേരുന്ന ബി.ഡി.ജെ.എസ് നേതൃയോഗത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പാർട്ടി അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. സുഭാഷ് വാസുവിന് നൽകിയ കാരണം കാണിക്കൽ നോട്ടീസിന്. മറുപടി ലഭിച്ചില്ലെന്നും ബി.ഡി.ജെ.എസ് നേതൃയോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ തുഷാർ വ്യക്തമാക്കി.
വ്യാജരേഖ ചമച്ചും കൂടെ നിന്ന് ചതിച്ചുമാണ് സുഭാഷ് വാസു പണം തട്ടിയത്. തന്റേതടക്കം പലരുടെയും വ്യാജ ഒപ്പിട്ടാണ് സാമ്പത്തിക ഇടപാടുകൾ നടത്തിയത്. മൈക്രോ ഫിനാൻസ് വഴിയും പണം തട്ടി. കട്ടച്ചിറ എൻജിനിയറിംഗ് കോളേജിൽ ഫീസ് ഇനത്തിലും ഷെയറായി വാങ്ങിയതുമടക്കം 125 കോടിയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ബാങ്കിൽ നിന്ന് വായ്പയെടുത്ത 23 കോടി തിരിച്ചടയ്ക്കാതിരുന്നതിനെ തുടർന്ന് ജപ്തി നോട്ടീസ് വന്നപ്പോഴാണ് താൻ വിവരമറിയുന്നത്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ യാതൊരു പ്രശ്നങ്ങളുമില്ലെന്നാണ് സുഭാഷ് വാസു പറഞ്ഞത്. വർഷങ്ങളായി കോളേജിലെ ബോർഡ് യോഗം ചേർന്നിട്ടില്ല. കോളേജ് ഭരണസമിതിയിൽ ഭൂരിപക്ഷമുണ്ടെന്ന സുഭാഷിന്റെ അവകാശവാദം തെറ്റാണ്.
ബി.ഡി.ജെ.എസിന്റെ സംസ്ഥാന പ്രസിഡന്റ് താനാണെന്ന് തുഷാർ പറഞ്ഞു. ബി.ഡി.ജെ.എസ് സംസ്ഥാന പാർട്ടിയാണ്. തിരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികയിൽ ആർക്കും ഒപ്പിടാം. മക്കാവോയിൽ തനിക്ക് ഫ്ളാറ്റുണ്ടെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം നിറുത്താൻ തയ്യാറാണ്. കേന്ദ്ര സർക്കാരിൽ നിന്ന് പാർട്ടിക്ക് ലഭിക്കേണ്ട പല സ്ഥാനമാനങ്ങൾക്കും തടയിട്ടത് സുഭാഷ് വാസുവാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. സുഭാഷിനെ സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകും. ബി.ജെ.പി കേന്ദ്ര നേതാക്കൾക്കാർക്കും സുഭാഷിനെ അറിയില്ല. പുതിയ നീക്കങ്ങൾക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടെന്ന് കരുതുന്നില്ല. മുൻ ഡി.ജി.പി ടി.പി. സെൻകുമാർ സുഭാഷ് വാസുവിന്റെ കൂടെ നിൽക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും തുഷാർ പറഞ്ഞു.