mahesh

 കാരണം സാമ്പത്തിക തർക്കം  ജ്യേഷ്ഠൻ പിടിയിൽ

പൂച്ചാക്കൽ : സാമ്പത്തിക തർക്കത്തെ തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. ചേന്നം പള്ളിപ്പുറം ആറാം വാർഡ് കരിനാട്ട് വീട്ടിൽ മണിയപ്പൻ നായരുടെ മകൻ മഹേഷ് (31) ആണ് മൂത്ത സഹോദരൻ ഗിരീഷിന്റെ കു ത്തേറ്റ് മരിച്ചത്. ഗിരീഷിനെ (33) പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വെളുപ്പിന് ഒന്നരയ്ക്ക് ഗിരീഷിന്റെ വീട്ടിലായിരുന്നു സംഭവം. പള്ളിപ്പുറം കടവിൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ, പെട്രോൾ ബോംബെറിഞ്ഞ കേസിൽ കാപ്പ ചുമത്തി ജയിലിലായിരുന്ന മഹേഷ് കഴിഞ്ഞയാഴ്ചയാണ് മോചിതനായത്.

മഹേഷും ഗിരീഷും ഒരേ കോമ്പൗണ്ടിൽ തന്നെയുള്ള രണ്ട് വീടുകളിലായിരുന്നു താമസം. ഇന്നലെ പുലർച്ചെ ഗിരീഷിന്റെ വീട്ടിലെത്തിയ മഹേഷ് ജ്യേഷ്ഠനുമായി വഴക്കുണ്ടാക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടിനെച്ചൊല്ലിയായിരുന്നു തർക്കം. ഗിരീഷിന് നേർക്ക് മഹേഷ് കുരുമുളക് സ്പ്രേ ചെയ്തതായി പറയപ്പെടുന്നു. തുടർന്ന് സംഘർഷത്തിനിടെ ഗിരീഷ് മഹേഷിന്റെ വയറിൽ കത്തിക്ക് കുത്തുകയായിരുന്നു. മഹേഷിന്റെ വീട്ടിലുണ്ടായിരുന്ന അച്ഛൻ മണിയപ്പൻ നായരും അമ്മ ഗീതയും ബഹളം കേട്ട് ഓടിയെത്തിയപ്പോൾ മഹേഷ് കുത്തേറ്റ് കിടക്കുകയായിരുന്നു.

ഉടൻ തന്നെ ഗിരീഷും അച്ഛനും ചേർന്ന് മഹേഷിനെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും യാത്രാമദ്ധ്യേ മരിച്ചു.

ആശുപത്രിയിൽ വച്ചാണ് ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.മഹേഷിന്റെ മൃതദേഹം പോസ്റ്റ് മാർട്ടത്തിനു ശേഷം സംസ്കരിച്ചു. ഭാര്യ: രേണുക. മക്കൾ: ആതിര, അഭിമന്യു