ആലപ്പുഴ: സർക്കാരിന്റെ കാലാവധി തീരും മുമ്പുതന്നെ സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങൾക്കും പട്ടയം നൽകുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. ആലപ്പുഴ എസ്.ഡി.വി സെന്റിനറി ആഡിറ്റോറിയത്തിൽ നടന്ന ജില്ലാ പട്ടയ മേളയുടെ ഉദ്ഘാടനവും പട്ടയ വിതരണവും നിർവഹിക്കുകയായിരുന്നു മന്ത്രി.
അധികാരത്തിൽ വന്ന് നാലുവർഷത്തോടടുക്കുമ്പോൾ സ്വന്തമായി ഭൂമിയില്ലാത്ത 1.25 ലക്ഷം പേർക്ക് പട്ടയം നൽകി. ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് , കണ്ണൂർ ജില്ലകളിലെ പട്ടയവിതരണം കൂടി പൂർത്തിയാകുമ്പോൾ എണ്ണം 1.40 ലക്ഷം കവിയും. മൂന്നര വർഷത്തിനകം മൂന്നാമത്തെ പട്ടയമേളയാണ് ജില്ലയിൽ സംഘടിപ്പിക്കുന്നത്. ഭൂമിക്ക് അടിസ്ഥാന രേഖകൾ ഉണ്ടെങ്കിലേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള ഏത് ആനുകൂല്യവും ലഭിക്കൂ. ഇതിനാവശ്യമായ തടസങ്ങൾ നീക്കം ചെയ്യാൻ എല്ലാ നടപടികളും എടുക്കാൻ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ലാൻഡ് ട്രിബ്യൂണലുകളിൽ ഏറെ അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ട് . ഇത് ഉൾപ്പെടെയുള്ള ഭൂരേഖകളുടെ പ്രശ്‌നം വളരെ സങ്കീർണമാണ്. അതിന്റെ കുരുക്ക് തീർക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. മൂന്ന് വർഷത്തിനിടയിൽ 1017 പേർക്ക് സർക്കാർ ആലപ്പുഴ ജില്ലയിൽ പട്ടയം നൽകിയിട്ടുണ്ട്. ട്രിബ്യൂണലുകളിൽ അപേക്ഷിക്കാനുള്ള കാലാവധി ഒരു വർഷത്തേക്ക് നീട്ടിയിട്ടുണ്ട്. ലൈഫ് മിഷൻ വഴി രണ്ടു ലക്ഷം വീടുകളാണ് പൂർത്തീകരിച്ചതെന്നും മന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. കളക്ടർ എം.അഞ്ജന, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ജുനൈദ്, പഞ്ചായത്ത് പ്രസിഡന്റുമാരായ സുധർമ ഭുവനചന്ദ്രൻ, സുവർണ പ്രതാപൻ, അഫ്‌സത്ത്, വേണുലാൽ, റഹ്മത്ത്, എ.ഡി.എം.വി.ഹരികുമാർ, ആർ.ഡി.ഒ എസ്.സന്തോഷ് കുമാർ, ഡെപ്യൂട്ടി കളക്ടർ എൽ.ആർ. പി.എസ്.സ്വർണമ്മ, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ, ഗുണഭോക്താക്കൾ എന്നിവർ പങ്കെടുത്തു.