ആലപ്പുഴ: ഭരണഘടനാ വിരുദ്ധ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മത-രാഷ്ട്രീയ -സാമുദായിക-സാമൂഹ്യ സംഘടനകളും മറ്റും നടത്തുന്ന എല്ലാ പ്രതിഷേധ റാലികളും സമരപരിപാടികളും സമ്മേളനങ്ങളും വിജയിപ്പിക്കുവാൻ ജില്ലയിലെ മുഴുവൻ ജമാ അത്ത് കമ്മറ്റികളും രംഗത്തിറങ്ങണമെന്ന് ജമാഅത്ത് കൗൺസിൽ ജില്ലാ പ്രവർത്തക യോഗം ആഹ്വാനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു നയിക്കുന്ന ലോംഗ് മാർച്ച്,എൽ.ഡി.എഫ് നേതൃത്വത്തിൽ നടക്കുന്ന മനുഷ്യചങ്ങല തുടങ്ങിയവയിൽ മുസ്ലീം സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കും. ജില്ലാ പ്രസിഡന്റ് കെ.എ.ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. നസീർ പുന്നക്കൽ,സലാം ചാത്തനാട്,നിസാർ തോങ്ങന്നാട്ട്,സിം കൂരയിൽ ,നിസാർ മാക്കിയിൽ,ജമാൽ പള്ളാത്തുരുത്തി,പി.എസ്.എം.അഷറഫ് എന്നിവർ സംസാരിച്ചു.