ആലപ്പുഴ: ലൈഫ് മിഷൻ ജില്ലാതല സംഗമവും വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും നാളെ ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജിൽ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 3ന് ജില്ലാതല സംഗമവും വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം മന്ത്രി ജി.സുധാകരൻ നിർവഹിക്കും.

സംഘാടക സമിതി ചെയർമാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് തദ്ദേശ സ്ഥാപനങ്ങളെ ആദരിക്കും. മന്ത്രി പി.തിലോത്തമൻ ഗുണഭോക്താക്കളെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹണ ഉദ്യോഗസ്ഥരെയും ലൈഫ് പദ്ധതിക്ക് മികച്ച പിന്തുണ നൽകിയ ജില്ലാതല ഉദ്യോഗസ്ഥരെ ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ യു.വി.ജോസും ആദരിക്കും. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, അഡ്വ. എ.എം. ആരിഫ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.പി.ഉദയസിംഹൻ റിപ്പോർട്ട് അവതരിപ്പിക്കും. എം.എൽ.എമാരായ ആർ.രാജേഷ്, അഡ്വ. യു.പ്രതിഭ, സജി ചെറിയാൻ, അഡ്വ. ഷാനിമോൾ ഉസ്മാൻ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. സംഘാടക സമിതി കൺവീനർ കളക്ടർ എം.അഞ്ജന സ്വാഗതവും. വാർത്താസമ്മേളനത്തിൽ കളക്ടർ എം.അഞ്ജന, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി.എം. ഷെഫീക്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ്, സെക്രട്ടറി കെ.ആർ.ദേവദാസ്, ലൈഫ് മിഷൻ കോ-ഓർഡിനേറ്റർ ഉദയസിംഗൻ എന്നിവർ പങ്കെടുത്തു.

 ജില്ലയിലെ ലൈഫ്

ജില്ലയിൽ ഏറ്റവും കൂടുതൽ വീടുകൾ ഒന്നും രണ്ടും ഘട്ടത്തിൽ ഏറ്റെടുത്തതും പൂർത്തിയാക്കിയതും ആലപ്പുഴ നഗരസഭയാണ്. 2870 വീടുകൾ ഏറ്റെടുത്തതിൽ 2364 എണ്ണം പൂർത്തീകരണത്തിൽ എത്തി. ഗ്രാമപഞ്ചായത്തുകളിൽ ഏറ്റവും അധികം വീടുകൾ ഏറ്റെടുത്ത് പൂർത്തീകരിച്ചത് മണ്ണഞ്ചേരി ഗ്രാമപഞ്ചായത്താണ്. 447 വീടുകൾ ഏറ്റെടുത്തതിൽ 394 എണ്ണം പൂർത്തീകരിച്ചു.

 ഫ്ളാറ്റ് സമുച്ചയങ്ങൾ


സംസ്ഥാനത്ത് 10 ഫ്ളാറ്റ് സമുച്ചയങ്ങളുടെ നിർമ്മാണം ഈ മാസം ആരംഭിക്കും. ആലപ്പുഴ പറവൂരിൽ, 165 കുടുംബങ്ങൾക്കുള്ള ഫ്ളാറ്റ് സമുച്ചയ നിർമ്മാണവും ഈ മാസം ആരംഭിക്കും. പ്രീഫാബ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ ഫ്ളാറ്റ് സമുച്ചയത്തിന്റെ നിർമ്മാണം സെപ്തംബറോടെ പൂർത്തീകരിക്കും.