ആലപ്പുഴ: ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് ചിക്കൻപോക്‌സ് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ കർശനമായി പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.
വായുവിലൂടെ പകരുന്ന രോഗമാണ് ചിക്കൻപോക്‌സ്. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമാണ് രോഗാണുക്കൾ (വൈറസ്) പുറത്തുവരുന്നത്. ശ്വസിക്കുമ്പോഴും രോഗിയുമായി അടുത്തിടപഴകുമ്പോഴും വൈറസുകൾ മറ്റുളളവരിലേക്ക് പ്രവേശിച്ചാണ് രോഗം പടരുന്നത്. അതിനാൽ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല ഉപയോഗിച്ച് പൊത്തിപ്പിടിക്കണം. കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം. രോഗി ഉപയോഗിച്ച പാത്രം, വസ്ത്രം തുടങ്ങിയവ അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കേണ്ടതുണ്ട്. ഒരിക്കൽ രോഗം വന്നയാൾക്ക് രോഗിയെ ശുശ്രൂഷിക്കാവുന്നതാണ്.
പോഷകാഹാരവും പഴങ്ങളും ധാരാളം വെളളവും നൽകണം. രോഗി പൂർണ്ണ വിശ്രമമെടുത്ത്, ഡോക്ടറുടെ നിർദ്ദേശ പ്രകാരം മരുന്ന് കഴിക്കണം. മരുന്ന് സർക്കാർ ആശുപത്രികളിൽ നിന്നു സൗജന്യമായി ലഭിക്കും. രോഗാരംഭത്തിൽ തന്നെ മരുന്ന് കഴിച്ചാൽ രോഗം സങ്കീർണ്ണമാകുന്നത് തടയാം. വീട്ടിൽ ഒരാൾക്ക് ചിക്കൻപോക്‌സ് പിടിപെട്ടാലുടനെ മറ്റുളളവരെ ബന്ധുവീടുകളിലേക്ക് മാറ്റുന്നത് രോഗം കൂടുതൽ ആളുകളിലേക്ക് പടരുന്നതിന് കാരണമാവും. സ്വയംചികിത്സ നടത്തരുതെന്നും ഡി.എം.ഒ അറിയിച്ചു.
.......................................
ലക്ഷണങ്ങൾ
പനി, ശരീരവേദന, ശരീരത്തിൽ കുമിളകൾ പ്രത്യക്ഷപ്പെടുക, കഠിനമായ ക്ഷീണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗലക്ഷണം പ്രകടമാവുന്നതിനു മുമ്പും ലക്ഷണങ്ങൾ തുടങ്ങി 4 - 5 ദിവസം വരെയുമാണ് രോഗം മറ്റുളളവരിലേക്ക് പകരുന്നത്. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവർ കൂടുതൽ ശ്രദ്ധിക്കണം.