തുറവൂർ: വസ്തു തർക്കം നിലനിൽക്കുന്നതിനിടെ, ദമ്പതികൾ താമസിച്ചിരുന്ന താത്കാലിക ഷെഡിന് തീയിട്ട കേസിൽ ബന്ധുവിനെ റിമാൻഡ് ചെയ്തു. കുത്തിയതോട് പഞ്ചായത്ത് 11-ാം വാർഡ് അനിതാ നിലയത്തിൽ ഗോപിനാഥനാണ് (72) റിമാൻഡിലായത്. തുറവൂർ ആലയ്ക്കാ പറമ്പ് തൊണ്ണൂറു കോൽ നികർത്ത് സിദ്ധാർഥന്റെ വീടാണ് ചൊവ്വാഴ്ച പുലർച്ചെ 1.30 ന് കത്തി നശിച്ചത്. ലൈഫ് മിഷൻ പദ്ധതി പ്രകാരം ലഭിച്ച പുതിയ വീടിന്റെ ശിലാസ്ഥാപനം തിങ്കളാഴ്ച യായിരുന്നു. വീട് വയ്ക്കുന്നതിന് മുന്നോടിയായി നിർമ്മിച്ച താത്കാലിക ഷെഡിനാണ് തീയിട്ടത്. സംഭവ സമയം സിദ്ധാർഥനും ഭാര്യ ഓമനയും വീട്ടിൽ ഉണ്ടായിരുന്നു. തീ പടർന്ന് ചൂട് അനുഭവപ്പെട്ടതോടെ ഇരുവരും ചാടി പുറത്തിറങ്ങിയതിനാൽ നിസാര പൊള്ളലോടെ രക്ഷപ്പെട്ടു. ഇവരും അയൽവാസി കൂടിയായ ഗോപിനാഥനുമായി വസ്തു തർക്കമുണ്ടായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നു കാട്ടി സിദ്ധാർത്ഥൻ കുത്തിയതോട് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗോപിനാഥൻ പിടിയിലായത്. ഗോപിനാഥന്റെ മകൻ അജിമോൻ (40) ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.