തീരനിയമം ലംഘിച്ചവയിൽ മത്സ്യത്തൊഴിലാളി ഭവനങ്ങളും
ആലപ്പുഴ: കോസ്റ്റൽ ഡിസ്ട്രിക്ട് കമ്മറ്റി (സി.ഡി.സി) നടത്തിയ അന്വേഷണത്തിൽ ജില്ലയിൽ തീര പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച 4,658 കെട്ടിടങ്ങളുണ്ടെന്ന് കണ്ടെത്തി. 26 പഞ്ചായത്തുകളിലും 2 നഗരസഭകളിലുമായാണ് ഇത്രയും കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നത്.
അമ്പലപ്പുഴ, ചേർത്തല, കാർത്തികപള്ളി താലൂക്കുകളിലെ അനധികൃത കെട്ടിടങ്ങളുടെ കണക്കാണ് എടുത്തത്. ഇതിൽ 90 ശതമാനം കെട്ടിടങ്ങളും മത്സ്യത്തൊഴിലാളികളുടെ വീടാണ്. ഇവയിൽ സുനാമി ദുരിതബാധിതർക്ക് സർക്കാർ നിർമ്മിച്ചു കൊടുത്ത വീടുകളുമുണ്ട്. 10 ശതമാനം മാത്രമാണ് ഹോംസ്റ്റേകളും റിസോർട്ടുകളും. മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന വീടുകൾക്ക് ഇളവു ലഭിച്ചേക്കുമെന്നാണ് സൂചന.
ജില്ലയിൽ 212 അനധികൃത കെട്ടിടങ്ങൾ ഉണ്ടെന്ന് കഴിഞ്ഞ ഒക്ടോബറിൽ ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. വേമ്പനാട് കായൽ തീരം മാത്രം കണക്കാക്കിയായിരുന്നു ഇൗ റിപ്പോർട്ട്. എന്നാൽ മരടിലെ അനധികൃത ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി വന്നപ്പോഴാണ് സംസ്ഥാനത്ത് സി.ആർ.ഇസഡ് ചട്ടം ലംഘിച്ച നിർമ്മിതികൾ കണ്ടെത്താൻ കളക്ടർ അദ്ധ്യക്ഷനായ സി.ഡി.സിയെ കഴിഞ്ഞ ഒക്ടോബറിൽ സർക്കാർ ചുമതലപ്പെടുത്തിയത്. മരട് ഫ്ളാറ്റുകൾക്കു പിന്നാലെ പാണാവള്ളിയിലെ കാപ്പികോ റിസോർട്ടും പൊളിച്ചുനീക്കാൻ ഉത്തരവായതോടെ ജില്ലയിലെ 4658 അനധികൃത കെട്ടിടങ്ങളും പൊളിച്ച് നീക്കേണ്ടി വരുമെന്നാണ് നിയമ വിദഗ്ദ്ധർ വ്യക്തമാക്കുന്നത്.
തീരദേശസംരക്ഷണ നിയമം ലംഘിച്ച് നിർമ്മിച്ച കെട്ടിടങ്ങളുടെ പട്ടിക കഴിഞ്ഞമാസം ജില്ലാ ഭരണകൂടം പ്രസിദ്ധീകരിച്ചിരുന്നു. നിയമ നടപടി എടുക്കാതിരിക്കാൻ ഡിസംബർ 31 വരെ അപേക്ഷ സമർപ്പിക്കാനും അവസരം നൽകി. ഇതിൽ 978 പേർ മാത്രമാണ് നടപടി ഒഴിവാക്കണമെന്ന ആവശ്യവുമായി ജില്ലാ ടൗൺ പ്ലാനിംഗ് ഒാഫീസർക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ഇവ കളക്ടർ മുഖേന ചീഫ് സെക്രട്ടറിക്ക് അയച്ചു കൊടുത്തു. ഇതിൽ മറുപടി വന്നയുടൻ കേരള തീരദേശ പരിപാലന അതോറിട്ടിയുടെ അഭിപ്രായം അറിഞ്ഞശേഷം സർക്കാർ നടപടി കൈക്കൊള്ളും.
...... ......................
പട്ടികയിൽ കാപ്പിക്കോയും
ജില്ലയിലെ 78 തദ്ദേശസ്ഥാപനങ്ങളിൽ 36 എണ്ണമാണ് തീരദേശത്തു വരുന്നത്. ഇതിൽ 28 തദ്ദേശ സ്ഥാപനങ്ങളിലും അനധികൃത നിർമ്മാണം കണ്ടെത്തി. ആദ്യഘട്ടത്തിൽ തയ്യാറാക്കിയ പട്ടികയിൽ 4563 കെട്ടിടങ്ങളാണ് ഉണ്ടായിരുന്നത്. അവസാനഘട്ടത്തിലെ കണക്ക് ലഭ്യമായപ്പോഴാണ് 4658 ആയി ഉയർന്നത്. ഇൗ പട്ടികയിൽ കാപ്പിക്കോ റിസോർട്ടും ഉൾപ്പെട്ടിട്ടുണ്ട്.
...............................
അനധികൃത കെട്ടിടങ്ങളുടെ എണ്ണം
പുന്നപ്ര തെക്ക്: 822, പുന്നപ്ര വടക്ക്: 429, മാരാരിക്കുളം തെക്ക്: 427, മാരാരിക്കുളം വടക്ക്: 412, തൃക്കുന്നപ്പുഴ: 377, കടക്കരപള്ളി: 321, അമ്പലപ്പുഴ വടക്ക്: 239, അമ്പലപ്പുഴ തെക്ക്: 212, പട്ടണക്കാട്: 169, തുറവൂർ: 152, പുറക്കാട്: 133, ചേർത്തല തെക്ക്: 127, ആറാട്ടുപുഴ:118,
പാണാവള്ളി: 228, പെരുമ്പളം: 105, കുത്തിയതോട്: 73, അരൂർ: 65, തണ്ണീർമുക്കം: 43, കാർത്തികപ്പള്ളി: 30, ദേവികുളങ്ങര: 30, എഴുപുന്ന: 27,
വയലാർ: 26, ആലപ്പുഴ നഗരസഭ: 22, അരൂക്കുറ്റി: 21, തൈക്കാട്ടുശേരി:20, ചേന്നംപള്ളിപ്പുറം: 15, ആര്യാട്: 9, ചേർത്തല നഗരസഭ: 5