 സുഭാഷ് വാസുവിനെതിരെ സംഘടനാപരമായ നടപടി വേണം


ആലപ്പുഴ: അധികാരസ്ഥാനത്തിനു വേണ്ടി എസ്.എൻ.ഡി.പി യോഗത്തെയും ജനറൽ സെക്രട്ടറിയെയും പൊതുജനമദ്ധ്യത്തിൽ അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന മാവേലിക്കര യൂണിയൻ മുൻ പ്രസിഡന്റ് സുഭാഷ് വാസുവിനെതിരെ നിയമപരവും സംഘടനാപരവുമായ നടപടി സ്വീകരിക്കണമെന്ന് ജില്ലയിലെ യൂണിയൻ ഭാരവാഹികൾ സംയുക്ത വാർത്താസമ്മേളനത്തിൽ യോഗം നേതൃത്വത്തോട് ആവശ്യപ്പെട്ടു.

മാവേലിക്കര യൂണിയനിൽ മൈക്രോഫിനാൻസിലൂടെ 12.5 കോടിയുടെ അഴിമതി നടത്തിയതിന്റെ അന്വേഷണം, വെള്ളാപ്പള്ളി നടേശന്റെ പേരിലുള്ള എൻജിനീയറിംഗ് കോളേജിലെ കോടിക്കണക്കിന് രൂപയുടെ അഴിമതിക്കഥകൾ എന്നിവകളിൽ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാനാണ് സുഭാഷ് വാസു യോഗം ജനറൽ സെക്രട്ടറിക്കെതിരെ ദുരാരോപണം ഉന്നയിക്കുന്നത്. ഇപ്പോഴും മുമ്പും ജനറൽ സെക്രട്ടറിക്കെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. അധികാര ഭ്രാന്ത് പിടിച്ചവരാണ് ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്. കഴിഞ്ഞ 23 വർഷം കൊണ്ട് യോഗത്തിന്റെ പ്രവർത്തനം ശക്തവും സുതാര്യവുമാക്കിയത് വെള്ളാപ്പള്ളി നടേശനാണ്. വിദ്യാഭ്യാസ മേഖലയിൽ വിപ്‌ളവകരമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞു. എയ്ഡഡ്, അൺ എയ്ഡഡ്, സി.ബി.എസ്.ഇ രംഗത്ത് കോടിക്കണക്കിന് രൂപയുടെ വികസനങ്ങളാണ് നടത്തിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം ഇരട്ടിയാക്കി. മൈക്രോഫിനാൻസിലൂടെ സമുദായ അംഗങ്ങൾക്ക് വലിയ സാമ്പത്തിക മുന്നേറ്റമുണ്ടാക്കാൻ സാധിച്ചു. യോഗത്തെ സമരസംഘടനയായി വളർത്തി. ഇതിന് നേതൃത്വം നൽകിയ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ജില്ലയിലെ 10 യൂണിയനുകളും പിന്തുണ നൽകുന്നു.

കഴിഞ്ഞ 13 വർഷം ജനറൽ സെക്രട്ടറിക്കൊപ്പം നിന്ന് പ്രവർത്തിച്ച് മാവേലിക്കര യൂണിയൻ പ്രസിഡന്റ്, ട്രസ്റ്റ് എക്‌സിക്യുട്ടീവ് അംഗം, ദേവസ്വം ബോർഡ് മെമ്പർ, സ്‌പൈസസ് ബോർഡ് ചെയർമാൻ എന്നീ സ്ഥാനങ്ങൾ നേടിയ സുഭാഷ് വാസു അടുത്ത സ്ഥാനത്തിന് വേണ്ടി സംഘടനയെ ഉപയോഗിക്കാൻ ശ്രമിച്ചത് തടഞ്ഞതാണ് കഴമ്പില്ലാത്ത ആരോപണവുമായി രംഗത്തെത്താൻ കാരണം. നേരത്തെ ട്രസ്റ്റിനും യോഗത്തിനും എതിരെ ഉന്നയിച്ച ആരോപണങ്ങൾ വിവിധ സർക്കാർ ഏജൻസികൾ അന്വേഷിച്ച് ഉപേക്ഷിച്ചവയാണ്. യോഗത്തിന്റെ നിയമാവലിയുടെ ബാലപാഠം അറിയാത്ത സെൻകുമാറാണ് യോഗം തിരഞ്ഞെടുപ്പിനെ കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നത്. കോടതി നിയമിക്കുന്ന നിരീക്ഷകന്റെ സാന്നിദ്ധ്യത്തിലാണ് യോഗം തിരഞ്ഞെടുപ്പ് നടക്കുന്നത്. കാര്യങ്ങൾ കുറേക്കൂടി മനസിലാക്കി സംസാരിക്കാൻ മുൻ പൊലീസ് മേധാവി തയ്യാറാകണമെന്നും ഭാരവാഹികൾ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ.മഹേശൻ, പ്രസിഡന്റ് വി.എം.പുരുഷോത്തമൻ, യോഗം കൗൺസിലർ പി.എസ്.എൻ.ബാബു, ചേർത്തല യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ, സെക്രട്ടറി വി.എൻ.ബാബു, അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ്, സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ, കാർത്തികപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.അശോകപ്പണിക്കർ, കുട്ടനാട് സൗത്ത് യൂണിയൻ ചെയർമാൻ ജെ.സദാനന്ദൻ, കൺവീനർ അഡ്വ.സുപ്രമോദം, കുട്ടനാട് യൂണിയൻ ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ, കൺവീനർ സന്തോഷ് ശാന്തി, ചേപ്പാട് യൂണിയൻ വൈസ് പ്രസിഡന്റ് ഡി.കാശിനാഥൻ, സെക്രട്ടറി എൻ.അശോകൻ, കായംകുളം യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രദാസ്, സെക്രട്ടറി പി. പ്രദീപ് ലാൽ, വൈസ് പ്രസിഡന്റ് കോലത്ത് ബാബു, മാവേലിക്കര യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ. സിനിൽ മുണ്ടപ്പള്ളി, ചെങ്ങന്നൂർ യൂണിയൻ കൺവീനർ ബൈജു അറുകുഴി എന്നിവർ പങ്കെടുത്തു.