ആലപ്പുഴ: തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നതായി സംസ്ഥാന വനിത കമ്മിഷൻ.

വനിതാ ജീവനക്കാർക്ക് സുരക്ഷിതത്വം നൽകാൻ വൻകിട ബാങ്കുകൾ പോലും തയ്യാറാകുന്നില്ല എന്നതിന്റെ ഉദാഹരണമായിരുന്നു കമ്മിഷൻ സിറ്റിംഗിൽ, ബാങ്ക് മാനേജരായ സ്ത്രീ നൽകിയ പരാതി. സാമ്പത്തികമായും മാനസികമായും കുടുംബപരമായും ലൈംഗികപരമായുമുള്ള പ്രതികൂല സാഹചര്യങ്ങളാണ് ഇതിന് കാരണം. അദാലത്തിൽ ലഭിച്ച പരാതികളിൽ കൂടുതലും വിദ്യാഭ്യാസമുള്ള സ്ത്രീകളിൽ നിന്നാണ്. വിദ്യാഭ്യാസത്തിനൊപ്പം വ്യക്തിത്വ രൂപീകരണം നടക്കുന്നില്ല. ഇത് നിരന്തരം പല പ്രശ്നങ്ങൾക്കും കാരണമാകുന്നതായും അദാലത്തിൽ ലഭിച്ച കൂടുതൽ പരാതികളും ഇതിൽപ്പെടുന്നതായും കമ്മിഷൻ വ്യക്തമാക്കി. ആകെ 81 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. 13 എണ്ണം തീർപ്പാക്കി. 10 പരാതികൾ പൊലീസ് റിപ്പോർട്ടിനായി കൈമാറി. 58 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന അദാലത്തിൽ കമ്മിഷൻ അംഗങ്ങളായ അഡ്വ. എം.എസ്.താര, ഡോ.ഷാഹിത കമാൽ, ഇ.എം.രാധ, ഷിജി ശിവാനി എന്നിവർ പങ്കെടുത്തു.