കോട്ടയം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്കും പിന്തുണയുമായി കോട്ടയം ജില്ലയിലെ എട്ട് യൂണിയനുകളും. പിന്തുണ പ്രഖ്യാപിച്ചും അപവാദ പ്രചാരണത്തിൽ പ്രതിഷേധിച്ചും പ്രമേയം പാസാക്കിയതായി ഭാരവാഹികൾ സംയുക്ത പത്രസമ്മേളനത്തിൽ അറിയിച്ചു.

യോഗത്തിനുണ്ടായ അഭൂതപൂർവമായ വളർച്ചയ്ക്ക് പിന്നിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ്. 140 യൂണിയനുകളും ഏഴായിരത്തോളം ശാഖകളും 36000 കുടുംബയോഗങ്ങളും 76000 മൈക്രോ സംഘങ്ങളും യുവജന വനിത ബാലജനയോഗങ്ങളും സ്ഥാപിച്ച് രാജ്യത്തെ ഏറ്റവും വലിയ സംഘടനയായി യോഗത്തെ മാറ്റി. സ്വാശ്രയ-എയ്ഡഡ് മേഖലകളിലായി 150ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ഈ വളർച്ചയിൽ ഒരു പങ്കുംവഹിക്കാത്ത വിരമിച്ച ചില ഉദ്യോഗസ്ഥർ യോഗത്തിനും ട്രസ്റ്റിനുമെതിരെ ആരോപണം ഉന്നയിക്കുന്നത് സ്വാർത്ഥ താത്പര്യം മൂലമാണ്. അന്വേഷിക്കാൻ ചുമതലപ്പെട്ട ഉദ്യോഗത്തിൽ ഇരുന്നപ്പോൾ അത് നടത്താതെ ഇപ്പോൾ അന്വേഷണം വേണമെന്ന് പറയുന്നത് അൽപ്പത്തരമാണ്. സംഘടനാവേദികളിൽ കണക്കുകൾ എല്ലാം പസാക്കിക്കൊടുത്ത സുഭാഷ് വാസുവിനെപ്പോലുള്ളവർ അരോപണങ്ങളുമായി രംഗത്തെത്തിയത് അപലപനീയമാണെന്നും ഭാരവാഹികൾ പറഞ്ഞു.

യോഗം കൗൺസിലർമാരായ എ.ജി.തങ്കപ്പൻ,​ സി.എം.ബാബു,​ കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു,​ സെക്രട്ടറി ആർ.രാജീവ്,​ വൈസ് പ്രസിഡന്റ് വി.എം.ശശി,​ വൈക്കം യൂണിയൻ പ്രസിഡന്റ് പി.ബി ബിനേഷ് പ്ളാത്താനത്ത്,​ സെക്രട്ടറി എം.പി.സെൻ,​ ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്,​ സെക്രട്ടറി സുരേഷ് പരമേശ്വരൻ,​ വൈസ് പ്രസിഡന്റ് പി.എം.ചന്ദ്രൻ,​ ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി,​ സെക്രട്ടറി അഡ്വ.പി.ജീരാജ്,​ വൈസ് പ്രസിഡന്റ് ലാലിറ്റ് തകടിയേൽ,​ എരുമേലി യൂണിയൻ പ്രസിഡന്റ് ഷാജി,​ കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി.പ്രസാദ് ആരിശേരിൽ,​ സെക്രട്ടറി എം.കെ.രമണൻ,​ തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് ഇ.ഡി.പ്രകാശൻ,​ സെക്രട്ടറി അഡ്വ.എസ്.ഡി.സുരേഷ് ബാബു,​ മീനച്ചിൽ യൂണിയൻ കൺവീനർ അഡ്വ.കെ.എം.സന്തോഷ് കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.