അമ്പലപ്പുഴ: ശബരിമല തീർത്ഥാടനത്തിനു ശേഷം അമ്പലപ്പുഴ സംഘം മടങ്ങിയെത്തി. ഇന്നലെ രാവിലെ അമ്പലപ്പുഴ ക്ഷേത്രത്തിൽ എത്തിയ സംഘം നിർമ്മാല്യ ദർശനം നടത്തിയാണ് വീടുകളിലേക്ക് മടങ്ങിയത്.
സമൂഹപ്പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിൽ മുന്നൂറിൽ പരം സ്വാമിമാരും മാളികപ്പുറങ്ങളുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ജനുവരി 6ന് കെട്ടുനിറച്ച് 7 ന് അമ്പലപ്പുഴ ക്ഷേത്രത്തിൽ നിന്നു യാത്രയാരംഭിച്ച സംഘം രഥഘോഷയാത്രയായി എരുമേലിയിൽ എത്തി. തുടർന്ന് കാനനപാത വഴി പമ്പയിലേക്ക്. സന്നിധാനത്ത് സംഘത്തിന്റെ താമസത്തിനും ഭക്ഷണത്തിനും ദേവസ്വം ബോർഡ് ക്രമീകരണങ്ങൾ ചെയ്തിതിരുന്നു. മടക്ക യാത്രയ്ക്കായി പമ്പയിൽ നിന്നു കെ.എസ്. ആർ.ടി.സി. അമ്പലപ്പുഴയിലേക്ക് പ്രത്യേകം സർവ്വീസുകളും ക്രമീകരിച്ചു നൽകി. സമൂഹപ്പെരിയോൻ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. സംഘം ഭാരവാഹികളായ ആർ. ഗോപകുമാർ, എൻ. മാധവൻ കുട്ടി നായർ, കെ. ചന്ദ്രകുമാർ, ജി.ശ്രീകുമാർ, സി. വിജയ് മോഹൻ എന്നിവർ നേതൃത്വം നൽകി.