ആലപ്പുഴ മെഡി.ആശുപത്രിയിൽ പേ വാർഡ് തുടങ്ങാൻ നടപടിയില്ല
അമ്പലപ്പുഴ : മെഡിക്കൽ കോളേജ് ആശുപത്രിയിൽ പേ വാർഡ് ഏർപ്പെടുത്തണമെന്ന ആവശ്യത്തിന് ഇനിയും പരിഹാരം അകലെ. ആശുപത്രി കോമ്പൗണ്ടിൽ ഏക്കറു കണക്കിന് സ്ഥലമുള്ളപ്പോഴാണ് പേ വാർഡിനായി കെട്ടിടസൗകര്യം ഒരുക്കുന്നതിൽ അധികൃതർക്ക് അനാസ്ഥ.
സംസ്ഥാനത്ത് പേ വാർഡില്ലാത്ത ഏക സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയാണ് ആലപ്പുഴ. ആലപ്പുഴ നഗരത്തിൽ മെഡിക്കൽ കോളേജ് ആശുപത്രി പ്രവർത്തിച്ചിരുന്ന സമയത്ത് അവിടെ പേ വാർഡ് ഉണ്ടായിരുന്നു. പിന്നീട് 2008ൽ ആശുപത്രി വണ്ടാനത്തേക്ക് മാറ്റി സ്ഥാപിച്ചപ്പോൾ പേ വാർഡ് സംവിധാനവും ഒരുക്കുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. ഇതുവരെ ഇതു പാലിക്കപ്പെട്ടിട്ടില്ല.
പേ വാർഡിനായി ജെ ബ്ലോക്കിലെ 11, 12 വാർഡുകൾ ഒരുക്കുകയും ചെയ്തിരുന്നതാണ്. എന്നാൽ, ആ മുറികളിൽ ചിലത് ആശുപത്രി ജീവനക്കാരുടെ ബന്ധുക്കൾക്കുള്ള സിക്ക് മുറികളാക്കി. ബാക്കിയുള്ള മുറികൾ ഓപ്പറേഷനു ശേഷമുള്ളവരെ കിടത്തുന്നതിനുള്ള നിരീക്ഷണ മുറികളായി മാറ്റി.
ആശുപത്രിയിൽ പേ വാർഡ് സംവിധാനം ഏർപ്പെടുത്താത്തത് ജില്ലയിലെ സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്ന ആക്ഷേപവും ശക്തമാണ്. ഇപ്പോൾ വാർഡുകളിൽ മതിയായ സൗകര്യങ്ങളില്ലാത്തതുകാരണം പല രോഗികളും ഇവിടെ നിന്ന് ഡിസ്ചാജ് വാങ്ങി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നുണ്ട്. രോഗികളുടെ കൂട്ടിരിപ്പുകാർ വിശ്രമത്തിനും മറ്റും സ്വകാര്യ ലോഡ്ജുകളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. പേ വാർഡ് വേണമെന്ന ആവശ്യം ആശുപത്രി വികസനസമിതിയിൽ പലതവണ ചർച്ച ചെയ്തെങ്കിലും പരിഹാരം മാത്രമുണ്ടായില്ല.
പേ വാർഡ് ഒരുക്കിയാൽ
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൂടുതൽ സൗകര്യങ്ങൾ ലഭിക്കും
ഗർഭിണികളുൾപ്പെടെയുള്ളവർക്ക് ഏറെ സഹായകമാകും
ആശുപത്രിക്ക് നല്ലൊരു വരുമാനമാർഗവുമാകും
ആലപ്പുഴ മെഡി.കോളേജ് ആശുപത്രി
ദേശീയപാതയോരത്തെ പ്രധാന ആശുപത്രി
വാഹനാപകടങ്ങളിൽപ്പെട്ട് ദിവസേന എത്തുന്നത് നിരവധിപേർ
കയർ,കർഷക തൊഴിലാളികളുൾപ്പെടെയുള്ള സാധാരണക്കാരുടെ പ്രധാന ആശ്രയകേന്ദ്രം
''പേ വാർഡ് വിഷയം ആശുപത്രി വികസന സമിതിയിൽ നിരവധി തവണ ഉന്നയിച്ചിട്ടുള്ളതാണ്. ആരോഗ്യ വകുപ്പിന് നിരവധി നിവേദനങ്ങളും നൽകി. എല്ലാ ഭൗതിക സാഹചര്യങ്ങളും ഉണ്ടായിട്ടും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പേ വാർഡ് സംവിധാനം ഒരുക്കാത്തത് തികഞ്ഞ അവഗണനയാണ്
- യു.എം.കബീർ ( ആശുപതി വികസന സമിതി അംഗം, ബ്ലോക്ക് പഞ്ചായത്ത് അംഗം)