 ജില്ലയിൽ രോഗം വ്യാപിക്കുന്നത് ആദ്യമായി

ആലപ്പുഴ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പശുക്കളിൽ കണ്ടെത്തിയ അജ്ഞാത രോഗം പോക്‌സ് വൈറസുകൾ പരത്തുന്ന ലംപി സ്കിൻ ഡിസീസ് (ചർമ്മമുഴ) ആണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ എടത്വ, വീയപുരം, പുറക്കാട്, പുന്നപ്ര, കരുവാറ്റ പഞ്ചായത്തുകളിലും ആലപ്പുഴ, ഹരിപ്പാട് നഗരസഭകളിലുമായി 15ൽ അധികം പശുക്കൾക്കാണ് രോഗം ബാധിച്ചത്. ജില്ലയിൽ ആദ്യമായാണ് ചർമ്മമുഴ സ്ഥിരീകരിക്കുന്നത്. പശുക്കൾക്ക് മരണം വരെ സംഭവിക്കാവുന്ന രോഗമാണിത്.

രോഗം കണ്ടെത്തിയ പശുക്കളുടെ രക്തസാമ്പിളുകൾ ജില്ലാ മൃഗാശുപത്രി അധികൃതർ ശേഖരിച്ച് തിരുവനന്തപുരം പാലോട് പ്രവർത്തിക്കുന്ന ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൽ അയച്ചിരുന്നു. പരിശോധനാഫലം ഇന്നലെയാണ് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ രേഖാമൂലം ലഭിച്ചത്. ആഫ്രിക്കയിലെ സാമ്പിയിലാണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ 2019 ഒക്ടോബറിൽ ഒറീസയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ രോഗം നേരത്തെ കണ്ടെത്തിയിരുന്നു. രോഗം മൂലം പരുക്കൾക്ക് മരണം വരെ സംഭവിക്കാം. ഈച്ച, കൊതുക് തുടങ്ങിയവയാണ് രോഗം പരത്തുന്നത്.

രോഗം മൂർച്ഛിക്കുമ്പോൾ പശുക്കൾക്ക് എഴുന്നേറ്റ് നിൽക്കാൻ പോലുമാവാത്ത അവസ്ഥയുണ്ടാവും. രോഗ സംശയമുള്ള പശുക്കൾക്ക് മൃഗഡോക്ടർമാർ മരുന്ന് നൽകുന്നുണ്ടെങ്കിലും വേണ്ടത്ര ഫലപ്രദമാകുന്നില്ലെന്ന് ക്ഷീര കർഷകർ പരാതിപ്പെടുന്നു. ചിക്കൻപോക്സിന് തുല്യമായ രീതിയിൽ കൈകാലുകളിലും അകിടിലും പ്രത്യക്ഷപ്പെടുന്ന കുരുക്കൾ വ്രണമായി മാറി ദേഹത്ത് നീര് കൊള്ളുന്നതാണ് രോഗം. രോഗം പിടിപെട്ട് ഏതാനും ദിവസങ്ങൾക്കുള്ളിൽ നടക്കാനാവാത്ത അവസ്ഥയാവും. കറവയുള്ള പശുക്കൾക്ക് പാൽ ഗണ്യമായി കുറയും. രോഗം ബാധിച്ച പശുക്കൾ ആഹാരം കഴിക്കാൻ ബുദ്ധിമുട്ടും. കുട്ടനാട്ടിൽ കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളോട് ചേർന്ന് കിടക്കുന്ന വീടുകളിലെ പശുക്കളിലാണ് രോഗം കാണുന്നത്. രോഗലക്ഷണം കണ്ടാൽ അടുത്തുള്ള മൃഗാശുപത്രിയിൽ വിവരം അറിയിച്ച് ചികിത്സ ഉറപ്പാക്കണം.

 ലക്ഷണങ്ങൾ

ശരീരഭാഗങ്ങളിൽ തടിപ്പ്, വട്ടത്തിലുള്ള പാടുകൾ, നീർവീഴ്ച, സന്ധികളിൽ വേദന, ഭക്ഷണം കഴിക്കുന്നതിൽ താത്പര്യക്കുറവ്

 പ്രതിരോധം

ആന്റിബയോട്ടിക് ഗുളികകൾ, ഓയിന്റ്‌മെന്റ്, തുള്ളിമരുന്ന്, കുത്തിവയ്പ്, തൊഴുത്ത് അണു വിമുക്തമായി വൃത്തിയാക്കൽ, ചാണക കുഴിയിൽ കുമ്മായവും ബ്ളീച്ചിംഗ് പൗഡറും ചേർക്കൽ, രോഗം ബാധിച്ച കാലികളെ മറ്റു കാലികളോടൊപ്പം ഇടപെടാൻ അവസരം ഒഴിവാക്കൽ

..............................................

'ജില്ലയിൽ കണ്ടെത്തിയ ലംപി സ്കിൻ ഡിസീസ് നിയന്ത്രണ വിധേയമാണ്. പ്രതിരോധ കുത്തിവയ്പിനായി 5000 വാക്സിന് ഓർഡർ നൽകി. മറ്റ് കാലികളിലേക്ക് പകരാതിരിക്കാൻ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാണ്'

(ഡോ. കെ.ഉണ്ണിക്കൃഷ്ണൻ, ജില്ലാ വെറ്ററിനറി ഓഫീസർ)