ആലപ്പുഴ: കളക്ടറുടെ അദ്ധ്യക്ഷതയിൽ കൂടിയ പരാതി പരിഹാര അദാലത്തിൽ പ്രളയംപോലെ പരാതികൾ. വിവിധ വകുപ്പുകളുടെ താലൂക്ക്തല ഉദ്യോഗസ്ഥർ പങ്കെടുത്ത അദാലത്തിൽ, പരാതികളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഇവ അടിയന്തിരമായി പരിഹരിക്കാൻ കളക്ടർ നിർദ്ദേശം നൽകി.
പ്രായമായി വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന സിവിൽ സ്റ്റേഷൻ വാർഡ് പനയ്ക്കൽ മാഗി റോബർട്ട് വാട്ടർ അതോറിട്ടി കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചതിനെതിരെയാണ് കളക്ടർ എം.അഞ്ജനയ്ക്ക് പരാതി നൽകിയത്. തീരെ വയ്യാത്ത അവസ്ഥയിലുള്ള മാഗിയുടെ അടുത്തെത്തിയാണ് കളക്ടർ പരാതി കേട്ടത്. വാട്ടർ അതോറിട്ടി അധികൃതരെ വിളിച്ച് കാര്യങ്ങൾ ആരാഞ്ഞ കളക്ടർ എത്രയും പെട്ടെന്ന് പ്രശ്‌നം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കർശന നിർദ്ദേശം നൽകി.
ആര്യാട് തെക്ക് തുമ്പോളി എ.എൻ.ശിവാനന്ദൻ എത്തിയത് വാട്ടർ കണക്ഷൻ ഇല്ലാതിരുന്നിട്ടും ബില്ല് രണ്ടുപ്രാവശ്യം ലഭിച്ചുവെന്ന പരാതിയുമായാണ്. ഇക്കാര്യം അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ കളക്ടർ നിർദ്ദേശം നൽകി. തോട്ടപ്പള്ളി സ്വദേശി ടി.രതിയമ്മ തങ്ങൾ ഇപ്പോൾ താമസിക്കുന്ന വീട് തകർന്നുവെന്നും പുതിയ വീട് ഭൂരേഖ ഇല്ലാത്തതിനാൽ പരിഗണിക്കുന്നില്ല എന്നുമുള്ള പരാതിയുമായിട്ടാണ് എത്തിയത്. നിലവിൽ ഇവർ താമസിക്കുന്ന സ്ഥലത്തിന് പട്ടയം ലഭിച്ചിട്ടില്ലെന്ന് പരിശോധനയിൽ ബോദ്ധ്യമായി. മൂന്നുസെന്റിന് പട്ടയം ലഭിക്കാനായി വേഗം അപേക്ഷിക്കാനും വീട് നൽകാൻ ഏതെങ്കിലും സ്‌കീമിൽ ഉൾപ്പെടുത്താനും തഹസിൽദാർക്ക് നിർദ്ദേശം നൽകി.