ആലപ്പുഴ: കേസുകളിൽ സ്ത്രീകൾക്ക് അനുകൂലമായ കോടതിവിധി സമയ ബന്ധിതമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അഭിപ്രായപ്പെട്ടു. ഭാര്യയ്ക്കും കുടുംബത്തിനും കൃത്യമായി പ്രതിമാസം തുക നൽകാൻ കോടതി ഉത്തരവിട്ടിട്ടും അത് അട്ടിമറിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസ് പരിശോധിക്കുകയായിരുന്നു കമ്മിഷൻ.
സ്ത്രീപക്ഷ നിയമങ്ങൾ വർദ്ധിക്കുന്നുണ്ടെങ്കിലും കൃത്യസമയത്ത് നീതി ലഭിക്കാത്തത് നീതി നിഷേധത്തിന് തുല്യമാണ്. കോടതി ഉത്തരവുള്ള സംഭവങ്ങളിൽ പോലും നിരവധി പരാതികളാണ് കമ്മിഷന് ലഭിക്കുന്നത്. നിയമം അനുസരിക്കാൻ സമൂഹത്തെ ബോധവാൻമാരാക്കണം. കുടുംബ സ്വത്ത് വിഹിതവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ മണ്ണഞ്ചേരിയിൽ ഭാര്യയ്ക്കും കുടുംബത്തിനും വൈദ്യുതിയും വെള്ളവുമുൾപ്പടെ അടിസ്ഥാന സൗകര്യങ്ങൾ നിഷേധിച്ചത് സംബന്ധിച്ചും പരാതി വന്നിരുന്നു. കമ്മിഷൻ ഉടൻ തന്നെ സ്ഥലം സന്ദർശിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കും.
82 പരാതികളാണ് അദാലത്തിൽ ലഭിച്ചത്. 26 എണ്ണം തീർപ്പാക്കി. 12 പരാതികൾ പൊലീസ് റിപ്പോർട്ടിനായി കൈമാറി. 44 പരാതികൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കും. വനിതാ കമ്മിഷൻ അംഗങ്ങളായ അഡ്വ.എം.എസ്.താര, ഇ.എം.രാധ, അഡ്വ.ഷിജി ശിവജി എന്നിവരാണ് കേസുകൾ പരിഗണിച്ചത്.